നൈസ്: നൈസിലെ നോത്രദാം ബസിലിക്കയിൽ നടന്ന ഭീകരവാദ ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെക്കൂടി കസ്റ്റഡിയിലെടുത്തു. ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്നു മുന്നറിയിപ്പുള്ളതിനാൽ രാജ്യമെങ്ങും സുരക്ഷ ശക്തമാക്കി. ഏഴായിരത്തോളം ആരാധനാലയങ്ങൾക്കും സ്കൂളുകൾക്കും പൊലീസ് കാവൽ ഏർപ്പെടുത്തി.
വ്യാഴാഴ്ച രാവിലെ പള്ളി തുറന്ന് കുർബാനയ്ക്കു ഒരുക്കങ്ങൾ നടത്തുന്നതിനിടെ, അകത്തു കടന്ന തീവ്രവാദി ശുശ്രൂഷിയെ കുത്തിവീഴ്ത്തുകയും പ്രാർഥനയ്ക്കെത്തിയ അറുപതുകാരിയുടെ തലയറുക്കുകയും മറ്റൊരു സ്ത്രീയെ ആക്രമിക്കുകയും ചെയ്ത സംഭവം ലോകത്തെ നടുക്കിയിരുന്നു. ആക്രമണം നടത്തിയ തീവ്രവാദി അസാവൂയിയെ പൊലീസ് വെടിവച്ചുവീഴ്ത്തി. ഇയാളുടെ സ്ഥിതി ഗുരുതരം ആണ്.
പ്രവാചകനെക്കുറിച്ചുള്ള കാർട്ടൂൺ സംബന്ധിച്ച വിവാദത്തിൽ ഫ്രാൻസിൽ നടക്കുന്ന മൂന്നാമത്തെ അക്രമ സംഭവമാണിത്. കാർട്ടൂൺ പ്രസിദ്ധീകരിക്കാൻ ആർക്കും സ്വാതന്ത്ര്യമുണ്ടെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോയുടെ പ്രസ്താവനയിൽ മുസ്‍ലിം രാജ്യങ്ങളിൽ ശക്തമായ പ്രതിഷേധമുയർന്നു. ബംഗ്ലദേശിൽ ആയിരക്കണക്കിനാളുകൾ പ്രകടനം നടത്തി. സൗദിയിൽ ഫ്രഞ്ച് എംബസിയിലെ സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. നൈസ് ആക്രമണത്തെ ന്യായീകരിച്ച മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദിന്റെ ട്വീറ്റ് ട്വിറ്റർ നീക്കംചെയ്തു.