ബെയ്ജിങ്: കൂടുതല്‍ കുട്ടികളുണ്ടാവാന്‍ ദമ്പതിമാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ശമ്പളത്തോടെ ഒരു കൊല്ലം പ്രസവാവധി നല്‍കാന്‍ ഒരുങ്ങി ചൈനീസ് പ്രവിശ്യ. വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ഷാങ്ഷി പ്രവിശ്യയില്‍ ശമ്പളത്തോടെ നിലവില്‍ 168 ദിവസമാണ് പ്രസവാവധി.
ജനനനിരക്ക് ഗണ്യമായി കുറയുന്ന സാഹചര്യത്തിലാണ് ജര്‍മനിയുടെയും നോര്‍വേയുടെയും മാതൃക പ്രവിശ്യയും കൈക്കൊള്ളാനൊരുങ്ങുന്നത്. മൂന്നാമത്തെ കുട്ടിയുണ്ടാവുകയാണെങ്കില്‍ പിതൃത്വ അവധി 30 ദിവസമാക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള ചൈനയില്‍ യുവാക്കളുടെ എണ്ണം ഗണ്യമായി കുറയുന്ന സ്ഥിതിയാണ്. ഇതു പരിഹരിക്കാന്‍ ജനന നിയന്ത്രണം നീക്കി ദമ്പതിമാര്‍ക്ക് മൂന്നു കുട്ടികള്‍ വരെ ആകാമെന്ന് ചൈന നയം തിരുത്തിയിരുന്നു. പിന്നാലെ തന്നെ 14 പ്രവിശ്യകള്‍ പ്രാദേശിക കുടുംബാസൂത്രണ ചട്ടങ്ങള്‍ക്ക് കൂടുതല്‍ ഇളവുകളോടെ ഭേദഗതി ചെയ്യാന്‍ ശ്രമം തുടങ്ങയിട്ടുണ്ട്.
വടക്കുകിഴക്കന്‍ പ്രവിശ്യയായ ഹെയ്ലോങ് ജാങ്ങിലെ അതിര്‍ത്തി നഗരങ്ങളില്‍ നാലു കുട്ടികളെ വരെ അനുവദിക്കുന്നുണ്ട്.