കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചതിന് അനുപാതികമായി സംസ്ഥാനവും കുറയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇപ്പോഴത്തെ വില കുറവ് താല്‍ക്കാലിക ആശ്വാസം മാത്രമാണ്. സര്‍ക്കാരുകള്‍ നടത്തുന്നത് ടാക്‌സ് ടെററിസം ആണെന്നും സതീശന്‍ കുറ്റപ്പെടുത്തി. വില ഇനിയും കൂടാന്‍ സാധ്യതയുണ്ട്. ഇപ്പോഴത്തേത് നിസാര കുറവ് മാത്രമാണ്. യുഡിഎഫ് സമരം തുടരുമെന്നും സതീശന്‍ പറഞ്ഞു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ചാണ് നികുതി ഭീകരത നടത്തുന്നതെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. സംസ്ഥാനവും നികുതി കുറയ്ക്കണം. സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത മനസിലാക്കുന്നുവെന്ന് പറഞ്ഞ സതീശന്‍ ഫ്യുവല്‍ സബ്‌സിഡി കൊണ്ടു വരണമെന്നാണ് ആവശ്യമെന്നും വ്യക്തമാക്കി. ടാക്‌സി മത്സ്യത്തൊഴിലാളി, സ്‌കൂള്‍ ബസ്, പ്രൈവറ്റ് ബസുകള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ സാഹചര്യമനുസരിച്ച് സബ്‌സിഡി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം വിജയിച്ചുവെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. കൊച്ചിയിലെ സമരം മാത്രമല്ല, രാജ്യവ്യാപകമായി നടത്തിയ സമരത്തിന്റെ വിജയമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടിയെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.