ബ്രസീലിയ: തേനീച്ചയുടെ ആക്രമണം ഭയന്ന് തടാകത്തിലേക്ക് ചാടിയ യുവാവിന് പിരാന മത്സ്യത്തിന്റെ ആക്രമണത്തില്‍ ദാരുണാന്ത്യം. ബ്രസീലിലെ ലാന്‍ഡിയ ഡി മിനാസില്‍ ശനിയാഴ്ചയായിരുന്നു സംഭവം.
രണ്ട് സുഹൃത്തുക്കളുമായി മീന്‍ പിടിക്കാന്‍ പോയതായിരുന്നു യുവാവ്. പെട്ടെന്നാണ് തേനീച്ചക്കൂട്ടം മൂന്നംഗ സംഘത്തെ അക്രമിച്ചത്. അതില്‍ രണ്ടുപേര്‍ രക്ഷപ്പെട്ടു. എന്നാല്‍, അവസാനത്തെ ആള്‍ക്ക് രക്ഷപ്പെടാനായില്ല. 30 വയസുള്ള യുവാവ് തടാകത്തിലേക്കു വീഴുകയും പിരാന മീനിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ 31-ന് ഇയാളെ തീരത്തുനിന്ന് നാല് മീറ്റര്‍ അകലെ അഗ്‌നിശമനസേന കണ്ടെത്തി. യുവാവിന്റെ മുഖത്തും ശരീരത്തിലും ആക്രമണമേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ മുറിവുകള്‍ കണ്ടതിനെ തുടര്‍ന്ന് തടാകത്തില്‍ പിരാനകളുണ്ടോ എന്ന് അന്വേഷിച്ചു. തുടര്‍ന്ന് പിരാനകള്‍ അവിടെയുള്ളതായി സ്ഥിരീകരിച്ചു.
തെക്കേ അമേരിക്കയിലെ ആമസോണ്‍ നദീതടത്തില്‍ ഏകദേശം 30 ഇനം പിരാനകള്‍ വസിക്കുന്നുണ്ട്. ഇവയ്ക്ക് മനുഷ്യന്‍ അടക്കം മിക്ക ജീവജാലങ്ങളെയും നിമിഷനേരങ്ങള്‍ക്കുള്ളില്‍ ഭക്ഷിക്കാന്‍ സാധിക്കും എന്ന് പറയപ്പെടുന്നു. എന്നാല്‍, ബിബിസിയുടെ അഭിപ്രായത്തില്‍ മനുഷ്യര്‍ക്കെതിരായ ആക്രമണങ്ങള്‍ 'വളരെ അപൂര്‍വമാണ്.' എന്നിരുന്നാലും, ആളുകള്‍ അപരിചിതമായ വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ അവ ചിലപ്പോള്‍ ആക്രമിച്ചേക്കാം.