നിയാമെ: ആഫ്രിക്കന്‍ രാജ്യമായ നൈജറിന്റെ തെക്കു പടിഞ്ഞാറന്‍ മേഖലയിലുണ്ടായ വെടിവയ്പ്പില്‍ മേയര്‍ ഉള്‍പ്പെടെ അറുപത്തൊൻപതോളം പേര്‍ കൊല്ലപ്പെട്ടു. മാലി അതിര്‍ത്തിക്കു സമീപം ചൊവ്വാഴ്ചയാണ് മേയര്‍ ബാനിബംഗാവു നയിച്ച സംഘത്തിനു നേര്‍ക്ക് ആക്രമണം നടന്നത്.
ഇസ്ലാമിക് സ്റ്റേറ്റുമായി (ഐ.എസ് ) ബന്ധമുള്ള പ്രാദേശിക ഭീകരരുടെ സാന്നിധ്യം ശക്തമായ പ്രദേശമാണ് ഇവിടം. ഇവിടങ്ങളിലെ നൂറുകണക്കിന് സാധാരണക്കാരെ ഭീകരര്‍ വധിച്ചിരുന്നു.
പതിനഞ്ചുപേര്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടു. ബാക്കിയുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് നൈജര്‍ ആഭ്യന്തര മന്ത്രി അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.