ആലപ്പുഴ: അയല്‍വാസിയുടെ ക്രൂരമര്‍ദനത്തിൽ പത്താംക്ലാസുകാരന്റെ കണ്ണിന് ഗുരുതര പരിക്ക്. ആലപ്പുഴ തൃക്കുന്നപുഴ പല്ലനയിലാണ് സംഭവം. പല്ലന സ്വദേശി അനിൽകുമാറിന്റെ മകൻ അരുൺ കുമാറിന്റെ കണ്ണിന് അയൽവാസിയുടെ മർദനത്തിൽ പരിക്കേറ്റത്. തന്റെ പേരക്കുട്ടികളെ കളിക്കാൻ ഒപ്പം കൂട്ടിയെന്ന് ആരോപിച്ചാണ് അയൽവാസി ശാര്‍ങ്ങധരൻ കുട്ടിയെ മർദിച്ചത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. കുട്ടികൾ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ശാര്‍ങ്ങധരൻ ഇവിടേക്ക് എത്തി തന്റെ പേരക്കുട്ടികളെ വഴക്ക് പറഞ്ഞ ശേഷം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. തിരികെ എത്തിയ ശേഷം ശാര്‍ങ്ങധരൻ കുട്ടികൾ കളിച്ചുകൊണ്ടിരുന്ന സാധനങ്ങൾ കൈക്കലാക്കി. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും കളിസാധനങ്ങൾ തിരികെ വേണമെന്നും ആവശ്യപ്പെട്ടപ്പോൾ അരുൺകുമാറിനെ ഇയാൾ മർദിക്കുകയായിരുന്നു. അടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടിയ അരുണിനെ വടി വീശി അടിച്ചപ്പോഴാണ് കണ്ണിന് പരിക്കേറ്റത്. കുട്ടിയുടെ ദേഹത്ത് കരുവാളിച്ച പാടുകളുണ്ടെന്നും ക്രൂരമര്‍ദ്ദനമാണ് ശാര്‍ങ്ങധരന്‍ നടത്തിയതെന്നും അരുണിന്റെ അച്ഛന്‍ പറയുന്നു.
കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് പരിശോധനാ വിധേയനാക്കിയപ്പോള്‍ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തി. വണ്ടാനം മെഡിക്കല്‍ കോളേജില്‍ തുടര്‍ ചികിത്സക്കായി കൊണ്ടുപോയിരിക്കുകയാണ് ഇപ്പോള്‍. പൊലീസ് ഇന്ന് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തും.