ബീജിംഗ്: വുഹാനില്‍ കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെയുണ്ടായ കള്ളക്കളികള്‍ പുറത്തുകൊണ്ടുവന്നതിനെത്തുടര്‍ന്ന് ചൈനീസ് സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ക്കിരയായ മാധ്യമ പ്രവര്‍ത്തക ജയിലില്‍ ജീവനുവേണ്ടി മല്ലിട്ടുകൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്.
ജയിലിലടയ്ക്കപ്പെട്ടതിനെ തുടര്‍ന്ന് നിരാഹാര സമരം തുടങ്ങിയ സങ് സാനിന് (38) നിലവില്‍ മൂക്കില്‍ ഘടിപ്പിച്ചിരിക്കുന്ന ട്യൂബിലൂടെ നിര്‍ബന്ധിച്ച് ഭക്ഷണം നല്‍കുകയാണ്.സങ് സാനിന്റെ അവസ്ഥയറിഞ്ഞ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ സങ് സങിനെ മോചിപ്പിക്കണമെന്ന് ചൈനീസ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
2020 ഫെബ്രുവരിയില്‍ വുഹാനിലെത്തിയ മുന്‍ അഭിഭാഷക കൂടിയായ സങ് സാന്‍, കോവിഡ് മൂലം രാജ്യത്തുണ്ടായ അനിശ്ചിതാവസ്ഥ, പകര്‍ച്ചവ്യാധിയെ അധികാരികള്‍ കൈകാര്യം ചെയ്യുന്നത് എന്നിവ ദൃശ്യങ്ങളിലൂടെ പങ്കുവച്ചിരുന്നു. തുടര്‍ന്ന് കലഹമുണ്ടാക്കുകയും പ്രശ്‌നമുണ്ടാക്കുകയും ചെയ്‌തെന്ന പേരില്‍ 2020 മേയില്‍ നാല് വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെടുകയായിരുന്നു.
.
മനുഷ്യാവകാശത്തിന്‍മേലുള്ള ആക്രമണമാണിതെന്ന് ആംനെസ്റ്റി പ്രചാരകനായ ജ്വന്‍ ലീ അഭിപ്രായപ്പെട്ടു.ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കോവിഡ് മരണസംഖ്യ ഉയരുമ്പോഴും ചൈനയിലെ ജനജീവിതം ഏതാണ്ട് സാധാരണ നിലയില്‍ എത്തിച്ചേര്‍ന്നതായി ചൈനീസ് സര്‍ക്കാര്‍ പ്രസ്താവിച്ചിരുന്നു. എന്നാല്‍ പകര്‍ച്ച വ്യാധി പൊട്ടിപ്പുറപ്പെട്ടത് മറച്ചുവച്ചതും കോവിഡിനെ ഭരണകൂടം അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതും ശരിയായ നടപടിയല്ലെന്നു പറയുന്നവര്‍ സര്‍ക്കാരിന്റെ ഇരകളായി മാറുന്നു.