വാഷിംഗ്ടണ്‍: ഇന്ത്യ-ചൈന നയതന്ത്ര ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുമ്പോഴും അതിര്‍ത്തിയില്‍ ചൈന കടന്ന് കയറ്റം തുടരുന്നതിന്റെ വ്യക്തമായ വിവരങ്ങള്‍ ഉപഗ്രഹ ചിത്രങ്ങള്‍ സഹിതം പുറത്തുവിട്ട് അമേരിക്കയുടെ വിദേശകാര്യ, പ്രതിരോധ കാര്യാലയങ്ങള്‍. അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ 100 വീടുകള്‍ അടങ്ങുന്ന ഗ്രാമം ചൈന നിര്‍മ്മിച്ചുവെന്ന് പെന്റഗണ്‍ വെളിപ്പെടുത്തി.
അപ്പര്‍ സുബന്‍സിരി ജില്ലയിലെ സാരിചു നദീ തീരത്താണ് ചൈന ഗ്രാമങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നുവെന്നാണ് സാറ്റ്ലൈറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യകതമാകുന്നത്.സംഘര്‍ഷ സമയത്ത് സൈനികര്‍ക്ക് ഉപയോഗിക്കാന്‍ പാകത്തിനാണ് ഗ്രാമങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ടിബറ്റന്‍ മേഖലയില്‍ സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമാണ് ചൈനയുടെ ഈ നടപടി.
അരുണാചല്‍ പ്രദേശില്‍ ചൈന 101 വീടുകളടങ്ങിയ 'പുതിയ ഗ്രാമം' നിര്‍മ്മിക്കുന്നുവെന്ന വിവരം ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ഒരു ദേശീയ മാദ്ധ്യമം ജനുവരിയില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് 4.5 കിലോമീറ്റര്‍ അകലെയാണ് ചൈന ഗ്രാമങ്ങള്‍ നിര്‍മ്മിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.
മുന്‍പ് തന്നെ ചൈനയ്ക്ക് ഈ മേഖലയില്‍ ഒരു സൈനിക ഔട്ട് പോസ്റ്റ് ഉണ്ടായിരുന്നുവെങ്കിലും കടന്ന് കയറ്റം രൂക്ഷമായത് ഈ അടുത്തിടെയാണ്. 2020 ലാണ് ഇപ്പോള്‍ കാണുന്ന രൂപത്തിലുള്ള ഒരു ഗ്രാമം ചൈന അതിര്‍ത്തിയില്‍ നിര്‍മ്മിച്ചത്. 2019 ഓഗസ്റ്റ് 26ന് പകര്‍ത്തിയ ഇതേ മേഖലയുടെ ഉപഗ്രഹ ചിത്രത്തില്‍ യാതൊരു നിര്‍മ്മാണ പ്രവൃത്തികളും ഉണ്ടായിരുന്നില്ല.
ഇന്ത്യ ഈ റിപ്പോര്‍ട്ടുകള്‍ തള്ളി കളഞ്ഞിട്ടില്ല. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കുറച്ചുകാലമായി തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു.അതേസമയം, അതിര്‍ത്തി പ്രദേശങ്ങളിലെ ഇന്ത്യയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ചൈനയുടെ വിദേശകാര്യ വക്താവ് ആവര്‍ത്തിക്കുന്നത്.