കൊളംബോ: ശ്രീലങ്കന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 'ഒരു രാജ്യം, ഒരു നിയമം' പദ്ധതിയെ ശക്തമായി എതിര്‍ത്ത് ശ്രീലങ്കയിലെ കത്തോലിക്കാ സഭ. സര്‍ക്കാരിന്റെ ഈ ആശയത്തെ അപലപിക്കുന്നതോടൊപ്പം എല്ലാ ന്യൂനപക്ഷ സമുദായങ്ങളിലെയും അംഗങ്ങളെ നിയമത്തിനു മുന്നില്‍ തുല്യമായി പരിഗണിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഒരു പുതിയ ഭരണഘടന കൊണ്ടുവരണമെന്നും രാജ്യത്തെ കത്തോലിക്കാ ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു.
ഒരു ബുദ്ധ സന്യാസിയുടെ അധ്യക്ഷതയില്‍ 13 അംഗ പ്രസിഡന്‍ഷ്യല്‍ ടാസ്‌ക് ഫോഴ്സിനെ പ്രസിഡന്റ് രാജപക്സെ കഴിഞ്ഞ മാസം നിയമിച്ചിരുന്നു. 'ഒരു രാജ്യം, ഒരു നിയമം' എന്ന ആശയം 2019 ല്‍ രാജപക്സെയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്നു. അദ്ദേഹം, രാജ്യത്തെ ബുദ്ധമത ഭൂരിപക്ഷത്തില്‍ നിന്നാണ് മികച്ച പിന്തുണയോടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
രാഷ്ട്രപതി പുറത്തിറക്കിയ അസാധാരണ ഗസറ്റ് വിജ്ഞാപനമനുസരിച്ച് ടാസ്‌ക് ഫോഴ്സ് മാസത്തിലൊരിക്കല്‍ പ്രസിഡന്റിന് റിപ്പോര്‍ട്ട് നല്‍കുകയും അന്തിമ റിപ്പോര്‍ട്ട് 2022 ഫെബ്രുവരി 28 നോ അതിനു മുമ്പോ സമര്‍പ്പിക്കേണ്ടതുമാണ്.
എന്നാല്‍ ഈ ടാസ്‌ക് ഫോഴ്സിനെ നിയമിക്കുന്ന ഗസറ്റ് വിജ്ഞാപനം പിന്‍വലിക്കണമെന്ന് ബിഷപ്പ് കോണ്‍ഫറന്‍സ് ശക്തമായി ആവശ്യപ്പെട്ടിരിക്കുകയാണ്. നവംബര്‍ രണ്ടിന് പുറത്തിറക്കിയ പ്രസ്താവനയില്‍ തമിഴ്, ഹിന്ദു, കത്തോലിക്ക, മറ്റ് ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളെ ടാസ്‌ക് ഫോഴ്സില്‍ നിന്ന് ഒഴിവാക്കി. ഇത് കടുത്ത വിവേചനമാണ് കാണിക്കുന്നതെന്ന് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് കുറ്റപ്പെടുത്തി.