ബ്രസീലിയ: സംഗീത പരിപാടിക്കായുള്ള യാത്രയ്ക്കിടെ ബ്രസീലിലെ പ്രശസ്ത ഗായികയും ഗ്രാമി പുരസ്‌കാര ജേതാവുമായ മരിലിയ മെന്‍ഡോങ്ക (26) വിമാന അപകടത്തില്‍ മരിച്ചു. അപകടത്തില്‍ മരിലിയയുടെ അമ്മാവനും പ്രൊഡ്യൂസറും രണ്ട് പൈലറ്റുമാരും മരിച്ചു. മരിലിയ സഞ്ചരിച്ച ചെറുവിമാനം മിനാസ് ഗെറൈസ് സംസ്ഥാനത്താണ് തകര്‍ന്നുവീണത്.
അപകടകാരണം അറിവായിട്ടില്ല. വിമാനം വീഴുന്നതിന് മുമ്പ് ഒരു ആന്റിനയുമായി കൂട്ടിയിടിച്ചതായി സൂചിപ്പിക്കുന്ന കേടുപാടുകള്‍ ഉണ്ടെന്നു പോലീസ് അറിയിച്ചു. വെള്ളച്ചാട്ടത്തിനു സമീപം പാറക്കെട്ടിലാണ് വിമാനം തകര്‍ന്നു വീണത്. അപകടത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കാരറ്റിംഗ നഗരത്തിനടുത്തുള്ള ഗ്രാമപ്രദേശത്തായിരുന്നു അപകടം. ഇവിടെ വെള്ളിയാഴ്ച മരിലിയയുടെ സംഗീത പരിപാടി നിശ്ചയിച്ചിരുന്നു. ബ്രസീലിനു പുറത്തും വലിയ ആരാധക വൃന്ദമുള്ള യുവ ഗായികയായിരുന്നു മരിലിയ. ക്യൂന്‍ ഓഫ് സഫറിങ് എന്നായിരുന്നു ഇവര്‍ അറിയപ്പെട്ടിരുന്നത്. ഇവരുടെ പാട്ടുകളില്‍ ഭൂരിഭാഗവും തകര്‍ന്ന സ്‌നേഹബന്ധങ്ങളെക്കുറിച്ചുള്ളതാണ്. 2019 ല്‍ മരിലിയക്ക് ഗ്രാമി പുരസ്‌കാരം ലഭിച്ചു. യൂട്യൂബില്‍ 22 ദശലക്ഷം ഫോളോവേഴ്‌സുള്ള ഗായികയാണ് മരിലിയ.