മെക്‌സിക്കോ സിറ്റി: വര്‍ധിച്ചുവരുന്ന സ്ത്രീഹത്യാ കേസുകളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി മെക്‌സിക്കോ സിറ്റിയില്‍ കുരിശുകള്‍ ഉയര്‍ത്തി നൂറു കണക്കിന് വനിതകള്‍ നടത്തിയ ജാഥ വികാരനിര്‍ഭരമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. കൊല്ലപ്പെട്ട നൂറുകണക്കിന് സ്ത്രീകളുടെ പേരുകള്‍ രേഖപ്പെടുത്തിയിരുന്നു ഈ കുരിശുകളില്‍.
ലിംഗഭേദത്തിന്റെ ഇരകളായി സ്ത്രീകള്‍ മനഃപൂര്‍വം കൊല ചെയ്യപ്പെടുന്നതിലെ ആശങ്കയുമായി പരേതാത്മാക്കളുടെ സ്മരണ ദിനത്തിനു പിറ്റേന്നായിരുന്നു 'മരിച്ച സ്ത്രീകളുടെ ദിനം' എന്നു പേരിട്ടിരുന്ന പ്രതിഷേധം സംഘടിപ്പിച്ചത്. 2020-ല്‍ മെക്‌സിക്കോയില്‍ 975 സ്ത്രീകളെങ്കിലും കൊല്ലപ്പെട്ടു.ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 762 സ്ത്രീകള്‍ക്കാണ് അക്രമങ്ങളില്‍ ജീവന്‍ നഷ്ടമായത്.
.
അമ്മമാരില്‍ പലരും പരസ്പരം കെട്ടിപ്പിടിച്ചും കരഞ്ഞും നീങ്ങിയപ്പോള്‍ മാര്‍ച്ച് ഏറെ വൈകാരികമായി മാറി.'ഞങ്ങള്‍ നിങ്ങളുടെ ശബ്ദമാണ്' എന്ന വിലാപവുമായി, കൊല്ലപ്പെട്ട സ്ത്രീകളുടെ പേരുകള്‍ മെഗാഫോണിലൂടെ പ്രകടനക്കാര്‍ വായിക്കുന്നുണ്ടായിരുന്നു. ഇരകളുടെ ചിത്രങ്ങളുള്ള ബാനറുകളും ചിലര്‍ ഉയര്‍ത്തിപ്പിടിച്ചു.
തെളിവുകള്‍ നഷ്ടപ്പെടുന്നതിനാലും ലിംഗപരമായ വീക്ഷണം ശരിയായി പ്രയോഗിക്കാത്തതിനാലും സ്ത്രീഹത്യാ കേസുകളുടെ അന്വേഷണത്തില്‍ പിഴവുകള്‍ ഏറുന്നതായും അക്കാരണത്താല്‍ കുറ്റകൃത്യങ്ങള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നതായും മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നു.