പാലക്കാട് : മണ്ണാര്‍ക്കാടില്‍ വന്‍തോതില്‍ കഞ്ചാവും ഹഷിഷ് ഓയിലും പോലീസ് പിടികൂടി. 90 കിലോ കഞ്ചാവും 300 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. സംഭവത്തില്‍ തച്ചനാട്ടുക്കര പാലോട് സ്വദേശികളായ ഷിബു, അബ്ദുള്‍ സലിം എന്നിവര്‍ക്കെതിരെ കേസെടുത്തു.
കാറില്‍ കടത്താന്‍ ശ്രമിക്കവേയാണ് ലഹരി വസ്തുക്കള്‍ പോലീസ് പിടികൂടിയത്. കാറില്‍ ചെറിയ പാക്കറ്റുകളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതിന് ഏകദേശം 45 ലക്ഷം രൂപ വില വരുമെന്നും ഹാഷിഷ് ഓയിലിന് ഏകദേശം 20 ലക്ഷം രൂപ വിലവരുമെന്നും എക്സൈസ് സംഘം അറിയിച്ചു.
രഹസ്യ വിവരത്തെ തുടര്‍ന്ന് തൃശൂര്‍, മലപ്പുറം ഇന്റലിജന്‍സും മണ്ണാര്‍ക്കാട് സര്‍ക്കിള്‍ ആന്‍ഡ് റെയ്ഞ്ച് പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മണ്ണാര്‍ക്കാട് നിന്ന് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്.