തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വീഴ്ച വരുത്തിയ മുന്‍മന്ത്രി ജി.സുധാകരന് സി.പി.എമ്മിന്റെ പരസ്യ ശാസന. അമ്പലപ്പുഴയിലെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന എച്ച്. സലാമിന്റെ വിജയം ഉറപ്പിക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുന്നതില്‍ വീഴ്ച വരുത്തിയെന്ന അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് അച്ചടക്ക നടപടി.
പ്രചാരണത്തില്‍ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കിയില്ലെന്നും സുധാകന്റെ നിഷേധ സ്വാഭാവം പ്രചാരണത്തില്‍ പ്രതിഫലിച്ചുവെന്നും സംസ്ഥാന സമിതി വിലയിരുത്തി.
സലാം എസ്ഡിപിഐക്കാരനാണെന്ന പോസ്റ്റര്‍ പ്രചാരണത്തെ പ്രതിരോധിച്ചില്ലെന്നും പരാതിയുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും സഹായകരമായ നിലപാട് സ്വീകരിച്ചില്ല. എളമരം കരീമും കെ.ജെ തോമസുമാണ് സുധാകരനെതിരെ അന്വേഷണം നടത്തിയത്. സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്ത ശേഷമായിരുന്നു നടപടി.
അമ്പലപ്പുഴയില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും സ്ഥാനാര്‍ത്ഥിത്വം കിട്ടാതെ വന്നപ്പോള്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ല എന്നതുമാണ് സുധാകരന്റെ പേരിലുണ്ടായ വീഴ്ചകള്‍. അമ്പലപ്പുഴ വിഷയം ചര്‍ച്ച ചെയ്ത സംസ്ഥാന കമ്മിറ്റിയോഗത്തിലും ജില്ലാ കമ്മിറ്റി യോഗത്തിലും സുധാകരന്‍ പങ്കെടുത്തിരുന്നില്ല. പാര്‍ട്ടി നടപടിയോട് പ്രതികരിക്കാനില്ലെന്നായിരുന്നു സുധാകരന്റെ കമന്റ്.