പാരിസ്: അത്യാധുനിക സൈനിക സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിന് ഇന്ത്യയുമായി വിശാല സഹകരണത്തിന് തയ്യാറെന്ന് ഫ്രാന്‍സ്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി നടത്തിയ ചര്‍ച്ചയില്‍ ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ളോറന്‍സ് പാര്‍ലിയും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നയതന്ത്ര ഉപദേശകന്‍ ഇമ്മാനുവല്‍ ബോണും ഇക്കാര്യം വ്യക്തമാക്കി്.
ഇന്ത്യ- ഫ്രാന്‍സ് വാര്‍ഷിക നയതന്ത്ര ചര്‍ച്ചകളുടെ ഭാഗമായി ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍ യുവേസ് ലീ ഡ്രിയാന്‍ ഉള്‍പ്പെടെയുള്ളവരുമായി അജിത് ഡോവല്‍ ആശയ വിനിമയം നടത്തി. ഇന്‍ഡോ പസഫിക് മേഖലയിലെ സുരക്ഷ ഉറപ്പിക്കുന്നതില്‍ ഫ്രാന്‍സ് പ്രതിജ്ഞാബദ്ധമാണെന്ന് ഇവരെല്ലാവരും ആവര്‍ത്തിച്ചതായി ഇന്ത്യന്‍ എംബസി വ്യക്തമാക്കി. ഫ്രാന്‍സിന്റെ ഇന്‍ഡോ പസഫിക് സ്ട്രാറ്റജിയില്‍ ഇന്ത്യയെ നെടുംതൂണായിട്ടാണ് കാണുന്നതെന്നും വ്യക്തമാക്കി.
വായുവിലും കരയിലും സമുദ്രത്തിലും സൈബര്‍ മേഖലയിലും സൈനിക ആവശ്യത്തിന് വേണ്ടിയുളള പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാന്‍ ഇന്ത്യക്ക് എല്ലാ സഹായവും ഫ്രാന്‍സ് വാഗ്ദാനം ചെയ്തു. പ്രതിരോധ മേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആത്മനിര്‍ഭര്‍ ഭാരത് സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനും പ്രതിരോധ വ്യവസായ വത്ക്കരണത്തിനും പൂര്‍ണ പിന്തുണ ഫ്രാന്‍സ് വാഗ്ദാനം ചെയ്തതായി പാരിസിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
സമുദ്ര, സൈബര്‍ മേഖലകളിലെ ഭീഷണികളും അഫ്ഗാനിലെ സുരക്ഷാ വെല്ലുവിളികളും ഉള്‍പ്പെടെയുളള ആഗോള പ്രശ്നങ്ങളും കൂടിക്കാഴ്ചകളില്‍ വിലയിരുത്തി. റോമില്‍ ജി 20 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.