നൂറ്റാണ്ടിലെ ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം 19 ന്; മൂന്നര മണിക്കൂറോളം, ഇന്ത്യയില്‍ പകല്‍

നൂറ്റാണ്ടിലെ ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം 19 ന്; മൂന്നര മണിക്കൂറോളം, ഇന്ത്യയില്‍ പകല്‍


ന്യൂയോര്‍ക്ക്: നവംബര്‍ 19ന് ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം വീക്ഷിക്കാനാകുമെന്ന് നാസ. കാര്‍ത്തിക പൂര്‍ണിമ നാളായ അന്ന് സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി കടന്നുപോകുന്ന മൂന്നു മണിക്കൂര്‍, 28 മിനിട്ട്, 23 സെക്കന്‍ഡ് സമയം ഗ്രഹണം നീണ്ടുനില്‍ക്കും. 2001 നും 2100 നും ഇടയില്‍ ഇതിലും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണമുണ്ടാകില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

അമേരിക്കയുടെ 50 സംസ്ഥാനങ്ങളിലും ഗ്രഹണം ദൃശ്യമാകും. മെക്‌സിക്കോ, ഓസ്‌ട്രേലിയ, ഈസ്റ്റ് ഏഷ്യാ നോര്‍ത്തേണ്‍ യൂറോപ്പ്, പസഫിക് ഓഷ്യന്‍ പ്രദേശം എന്നിവിടങ്ങളും ഗ്രഹണം കാണാനാകും. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസം, അരുണാചല്‍പ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ ഗ്രഹണം കാണാനാകുമെന്നും വാന ശാസ്ത്രകാരന്മാര്‍ പറഞ്ഞു.

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 ഓടെ ചന്ദ്രഗ്രഹണം പൂര്‍ണ നിലയിലെത്തും. ചന്ദ്രന്റെ 97 ശതമാനം ഭാഗവും ഭൂമിയുടെ മറയിലായി സൂര്യപ്രകാശമില്ലാതാകും. ഇതോടെ ചന്ദ്രന് ചുവപ്പു കലര്‍ന്ന നിറമാണുണ്ടാവുക. ഒരു വര്‍ഷം രണ്ട് ചന്ദ്ര ഗ്രഹണങ്ങള്‍ എന്ന നിരക്കിലാണ് സംഭവിക്കുന്നത്. നവംബര്‍ 19 കഴിഞ്ഞാല്‍ അടുത്ത ഗ്രഹണം 2022 മേയ് 16 നാകും. 21 ാം നൂറ്റാണ്ടില്‍ ആകെ 228 ചന്ദ്രഗ്രഹണമുണ്ടാകുമെന്ന് നാസ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.