കോഴിക്കോട്: തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് വിവാഹിതനായി. മുക്കം സ്വദേശിനി കെ.അനുഷയാണ് വധു. ഊന്ന് വടിയില്‍ കതിര്‍ മണ്ഡപത്തിലെത്തി രക്തഹാരം ചാര്‍ത്തി ലിന്റോ അനുഷയെ ഒപ്പം കൂട്ടിയപ്പോള്‍ മുദ്രാവാക്യം വിളിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വധൂവരന്‍മാരെ എതിരേറ്റത്. കോവിഡ് നിയന്ത്രണമുള്ളതിനാല്‍ കുറഞ്ഞ ആളുകള്‍ മാത്രമായിരുന്നു ചടങ്ങിനെത്തിയത്.
പ്രളയ കാലത്ത് കൂമ്പാറ മാങ്കുന്ന് കോളനിയിലെ കാന്‍സര്‍ രോഗിയെ അടിയന്തരമായി ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയുണ്ടായ വാഹന അപകടമായിരുന്നു ലിന്റോ ജോസഫിനെ ഊന്നു വടിയിലാക്കിയത്. പെട്ടെന്ന് ഡ്രൈവറെ കിട്ടാതെ വന്നപ്പോള്‍ ആംബുലന്‍സ് ഓടിച്ച് ആശുപത്രിയിലേക്ക് പോവുന്നതിനിടെയുണ്ടായ അപകടം ലിന്റോയുടെ കാലിന് സ്വാധീനമില്ലാതാക്കുകയായിരുന്നു.
ഒരു കാലിന് സ്വാധീനം നഷ്ടമായപ്പോഴും സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ പിന്നോട്ടില്ലെന്ന നിലപാടുമായി മുന്നേറിയതാണ് ലിന്റോ ജോസഫിനെ തിരുവമ്പാടിയില്‍ മത്സരിപ്പിക്കാന്‍ ഇടതു മുന്നണിക്ക് പ്രചോദനമായത്. അത് പാര്‍ട്ടിക്ക് വലിയ ഗുണം ചെയ്യുകയും ചെയ്തു.
തിരുവമ്പാടി എംഎല്‍എയും ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറര്‍ കൂടിയായ ലിന്റോ കൂടരഞ്ഞിയിലെ പാലക്കല്‍ ജോസഫിന്റേയും അന്നമ്മയുടേയും മകനാണ്. മുക്കം കച്ചേരി കുടുക്കേങ്ങല്‍ രാജന്റേയും ലതയുടേയും മകളാണ് വധു അനുഷ.