ലോകത്തിന്റെ പട്ടിണി മാറ്റാന്‍ ടെസ് ല ഓഹരി വില്‍ക്കുമോ ഇലോണ്‍ മസ്‌ക് ? ആകാംക്ഷയോടെ സോഷ്യല്‍ മീഡിയ

ലോകത്തിന്റെ പട്ടിണി മാറ്റാന്‍ ടെസ് ല ഓഹരി വില്‍ക്കുമോ ഇലോണ്‍ മസ്‌ക് ? ആകാംക്ഷയോടെ സോഷ്യല്‍ മീഡിയ


ന്യൂയോര്‍ക്ക്: ടെസ് ലയുടെ 10 ശതമാനം ഓഹരി വില്‍ക്കാന്‍ പൊതുജനങ്ങളുടെ അനുമതി തേടി ട്വിറ്ററില്‍ അഭിപ്രായ സര്‍വേ നടത്തിയതിനു പിന്നാലെ, ഇലോണ്‍ മസ്‌ക് ലോകത്തെമ്പാടുമുള്ള പട്ടിണി മാറ്റാന്‍ കൂടുതല്‍ ഓഹരി വിറ്റു പണം മുടക്കുമോയെന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി. വിചിത്ര തീരുമാനങ്ങളും അമ്പരപ്പിക്കുന്ന കാര്യങ്ങളും ചെയ്ത് ലോകത്തെ ഇടക്കിടെ ഞെട്ടിക്കുന്ന ഒന്നാം നമ്പര്‍ ശതകോടീശ്വരനില്‍ നിന്ന് ഇനി അത്തരമൊരു നടപടി പ്രതീക്ഷിക്കാവുന്നതാണെന്ന നിരീക്ഷണമാണ് പലരും പങ്കുവയ്ക്കുന്നത്.

യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ഫുഡ് പ്രോഗ്രാം ഡയറക്ടര്‍ ഡേവിഡ് ബീസ്ലി ലോകത്തെ പട്ടിണി പരിഹരിക്കാന്‍ അടുത്തിടെ ശതകോടീശ്വരന്മാരോട് ആവശ്യപ്പെട്ടപ്പോള്‍, മസ്‌ക് ചാടി വീഴുന്നതായി ഭാവിച്ചിരുന്നു. കൃത്യമായി അതെങ്ങനെ സാധ്യമാകുമെന്ന് ബീസ്ലി ട്വീറ്റ് ചെയ്താല്‍ 6 ബില്യണ്‍ ഡോളറിന്റെ ടെസ് ല ഓഹരി താന്‍ വില്‍ക്കുമെന്നായിരുന്നു മസ്‌ക് അറിയിച്ചത്. മാധ്യമങ്ങളും ട്വിറ്റര്‍വേഴ്‌സും അതോടെ വിഷയം ഏറ്റുപിടിച്ച് പല അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.

നാല്പത്തിരണ്ട് ദശലക്ഷം ആളുകള്‍ പട്ടിണിയുടെ വക്കിലാണെന്നാണ് ഡേവിഡ് ബീസ്ലിയുടെ കണക്ക്.ഇതില്‍ ഓരോ വ്യക്തിക്കും പ്രതിദിനം 43 സെന്റ് മൂല്യമുള്ള ഭക്ഷണം വീതം 365 ദിവസങ്ങളിലേക്ക് 6.6 ബില്യണ്‍ ഡോളറാണ് ആവശ്യമെന്നും ബീസ്ലി ചൂണ്ടിക്കാട്ടി. ആ ഇടപെടല്‍ വഴി ലോകത്തിലെ പട്ടിണി ശാശ്വതമായി പരിഹരിക്കില്ല, എന്നാല്‍ സമീപകാലത്ത് അത് നിരവധി ജീവന്‍ രക്ഷിക്കുമെന്നും അദ്ദേഹം സമര്‍ത്ഥിച്ച ശേഷം മസ്‌ക് ആ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസമാണ് വൈദ്യുത വാഹന കമ്പനിയായ ടെസ് ലയുടെ 10 ശതമാനം ഓഹരി വില്‍ക്കുന്നതിനെ അനുകൂലിക്കുന്നുണ്ടോ എന്ന് ചോദിച്ചുകൊണ്ട് ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ അഭിപ്രായ സര്‍വേ നടത്തിയത്. അതോടെ മസ്‌കിന്റെ നടപടികള്‍ വീണ്ടും ലോകം മുഴുവന്‍ ചര്‍ച്ചയായി. 3,519,252 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. അതില്‍ 57.9 ശതമാനം പേരും മസ്‌കിന്റെ ഓഹരി വില്‍പ്പനയെ അനുകൂലിച്ചു. 42.1 ശതമാനം പേര്‍ 'വേണ്ട' എന്നു പറഞ്ഞു.

വ്യക്തിഗത നികുതി അടയ്ക്കാനാണ് മസ്‌ക് ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. ശതകോടീശ്വരന്മാരുടെ മൂലധന നേട്ടത്തില്‍ നികുതി ചുമത്താനായി അമേരിക്കന്‍ ഭരണകൂടം പദ്ധതിയിടുന്നുണ്ട്. അതിന് പിന്നാലെയാണ് മസ്‌കിന്റെ നടപടി. ലോകത്തെ ഏറ്റവും സമ്പന്നനായ മസ്‌കിന് 31,840 കോടി ഡോളറിന്റെ ആസ്തിയുണ്ട്. തൊട്ട് പിന്നിലുള്ള ആമസോണ്‍ സ്ഥാപകന്‍ ജഫ് ബെസോസിന്റെ ആസ്തി 20,300കോടി ഡോളറാണ്.

രണ്ട് അഭിപ്രായങ്ങളില്‍ ഏതെങ്കിലും ഒന്ന് താന്‍ തെരഞ്ഞെടുക്കുമെന്ന് മസ്‌ക് വ്യക്തമാക്കി. നിലവില്‍ 17.05 കോടി ഓഹരികളാണ് മസ്‌കിന് ടെസ് ലയിലുള്ളത്. 10 ശതമാനം ഓഹരികള്‍ വിറ്റഴിച്ചാല്‍ തന്നെ ഏകദേശം 21 ബില്യണ്‍ ഡോളര്‍ ലഭിക്കും. പണമോ ബോണസോ ശമ്പളമോ കമ്പനിയില്‍ നിന്ന് എടുക്കാറില്ലെന്നും ഓഹരികള്‍ മാത്രമാണ് ഉള്ളതെന്നും മസ്‌ക് പറഞ്ഞിരുന്നു.

അതേസമയം, സമൂഹമാദ്ധ്യമങ്ങളിലൂടെ ആളുകള്‍ നല്‍കിയ നിര്‍ദ്ദേശത്തിന് ഒപ്പം അദ്ദേഹം നില്‍ക്കുമോ എന്ന് കണ്ടറിയാം എന്നാണ് പലരുടേയും അഭിപ്രായം.കഴിഞ്ഞയാഴ്ച ഇലോണ്‍ മസ്‌കിന്റെ സഹോദരന്‍ കിംബാല്‍ മസ്‌ക് ടെസ്ലയിലെ 88,500 ഓഹരികള്‍ വിറ്റിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.