ദുബായ്: വിദേശ രാജ്യങ്ങളില്‍ നിന്നും യുഎഇ അംഗീകരിച്ച വാക്സിന്‍ സ്വീകരിച്ചവർക്ക് അല്‍ ഹോസന്‍ ആപ്പില്‍ രജിസ്ട്രർ ചെയ്യാം. അബുദബിയില്‍ പൊതു സ്ഥലങ്ങളിലെ പ്രവേശനത്തിന് ഗ്രീന്‍ പാസ് നിർബന്ധമാക്കിയ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു സൗകര്യം നല്‍കിയത്. വാക്സിനും പിസിആർ പരിശോധനയും കൃത്യമായി നടത്തിയാല്‍ മാത്രമെ ഗ്രീന്‍ പാസ് ലഭിക്കുകയുളളൂ. 2020 ഒക്ടോബർ ഒന്നിനു ശേഷം വാക്സിന്‍ എടുത്തവർക്കാണ് രജിസ്ട്രർ ചെയ്യാന്‍ സാധിക്കുക.
ഫൈസർ, സിനോഫാം, ഹയാത് വാക്സ്, മൊഡേണ, കോവിഷീല്‍ഡ്, സിനോവാക്,സുപ്ട്നിക്-5, അസ്ട്രാസെനക്ക തുടങ്ങിയവയാണ് യുഎഇ അംഗീകരിച്ച വാക്സിനുകള്‍. രജിസ്ട്രർ ചെയ്താല്‍ അല്‍ ഹോസന്‍ ആപ്പില്‍ കളർ കോഡ് വ്യക്തമാകും. അബുദബിയില്‍ പൊതുസ്ഥലങ്ങളിലേക്ക് പ്രവേശിക്കാന്‍ ഗ്രീന്‍ പാസ് നിർബന്ധമാണ്. വാക്സിന്‍ എടുത്തവർ പിസിആർ പരിശോധനയില്‍ നെഗറ്റീവാണെങ്കില്‍ 30 ദിവസത്തേക്ക് ഗ്രീന്‍ പാസ് ലഭിക്കും.
വാക്സിന്‍ സ്വീകരിക്കാത്തവരാണെങ്കില്‍ പരിശോധനയില്‍ നെഗറ്റീവാണെങ്കില്‍ ഏഴുദിവസത്തേക്കാണ് ഗ്രീന്‍ പാസ് ലഭിക്കുക. വീണ്ടും പിസിആർ പരിശോധന നടത്തി ഗ്രീന്‍ പാസ് എടുക്കാം.