തിരുവനന്തപുരം: ഇന്ധന വില വര്‍ധനവിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. സമരത്തിന്റെ അടുത്ത ഘട്ടം ആലോചിക്കാന്‍ കെപിസിസി അടിയന്തര ഭാരവാഹി യോഗം ഇന്ന് ചേരും. നടന്‍ ജോജുവിന്റെ കാര്‍ ആക്രമിച്ച കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയില്‍ എന്ത് നിലപാട് എടുക്കണമെന്നും യോഗം ചര്‍ച്ച ചെയ്യും.
ചക്ര സ്തംഭന സമരത്തില്‍ പങ്കെടുക്കാത്ത പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നടപടിയില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് അതൃപ്തിയുണ്ട്. റോഡ് ഉപരോധിച്ചുള്ള സമരത്തോട് സതീശന് എതിര്‍പ്പാണ്. എന്നാല്‍ തെരുവില്‍ സമരം ശക്തമാക്കാന്‍ തന്നെയാണ് സുധാകരന്റെ തീരുമാനം.
അതേസമയം നടന്‍ ജോജു ജോര്‍ജും കോണ്‍ഗ്രസും തമ്മിലുള്ള ഏറ്റു മുട്ടല്‍ പുതിയ തലത്തിലേക്കെന്നാണ് സൂചന. എറണാകുളം ജില്ലയില്‍ പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സിനിമ ഷൂട്ടിങ്ങുകള്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കൂടാതെ ഷൂട്ടിങ് സെറ്റുകളിലെ ലഹരി ഉപയോഗത്തിനെതിരെയും പ്രക്ഷോഭം ശക്തമാക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.
കാര്‍ ആക്രമിച്ച കേസില്‍ അറസ്റ്റിലായ മുന്‍ മേയര്‍ ടോണി ചമ്മിണി അടക്കമുളള പ്രതികള്‍ ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കും. കോടതി റിമാന്‍ഡ് ചെയ്ത നാലു പ്രതികളേയും കാക്കനാട് ബോസ്റ്റല്‍ സ്‌കൂളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.