കോഴിക്കോട്: നടി കോഴിക്കോട് ശാരദ അന്തരിച്ചു. 75 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
മെഡിക്കല്‍ കോളജില്‍ നിന്നും നഴ്‌സിങ് അസിസ്റ്റന്റ് ആയിട്ടാണ് വിരമിച്ചത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോഴിക്കോട് സ്വദേശിയായ ശാരദ നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടായിരുന്നു തന്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്.
1979ല്‍ അങ്കക്കുറി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. അനുബന്ധം, നാല്‍ക്കവല, അന്യരുടെ ഭൂമി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. സല്ലാപത്തില്‍ മനോജ് കെ. ജയന്റെ അമ്മയുടെ വേഷത്തില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. സല്ലാപം, എന്ന് നിന്റെ മൊയ്തീന്‍, കുട്ടി സ്രാങ്ക്, ജോസേട്ടന്റെ ഹീറോ, ഉത്സവപ്പിറ്റേന്ന്, കിളിച്ചുണ്ടന്‍ മാമ്പഴം തുടങ്ങി എണ്‍പതോളം സിനിമകളില്‍ അഭിനയിച്ചു.