ബഹിരാകാശത്ത് നടന്ന ആദ്യ ചൈനക്കാരി; ചരിത്രനേട്ടം സ്വന്തമാക്കി വാങ് യാപിങ്

ബഹിരാകാശത്ത് നടന്ന ആദ്യ ചൈനക്കാരി; ചരിത്രനേട്ടം സ്വന്തമാക്കി വാങ് യാപിങ്

ബീജിങ്: ബഹിരാകാശത്ത് നടന്ന ആദ്യ ചൈനക്കാരിയെന്ന ചരിത്രനേട്ടം സ്വന്തമാക്കി വാങ് യാപിങ്. ചൈനയുടെ നിര്‍മാണത്തിലിരിക്കുന്ന ബഹിരാകാശ നിലയമായ ടിയാന്‍ഗോങ്ങിന് പുറത്ത് തിങ്കളാഴ്ച പുലര്‍ച്ചെ ആറര മണിക്കൂര്‍ നടന്നാണ് വാങ് യാപിങ് ചരിത്രം കുറിച്ചത്.

യാപിങ്ങിനൊപ്പമുള്ള ചൈനീസ് ബഹിരാകാശ യാത്രികനായ ഴായ് ഴിഗാങും കൂടെയുണ്ടായിരുന്നു. സംഘത്തിലുള്ള മൂന്നാമന്‍ ഗ്വാങ്ഫു ബഹിരാകാശ നിലയത്തിനകത്തിരുന്ന് ഇരുവര്‍ക്കും സാങ്കേതിക സഹായം നല്‍കിയതായി ചൈനീസ് ബഹിരാകാശ സംഘടന ചൈന മാന്‍ഡ് സ്‌പേസ് ഏജന്‍സി പറഞ്ഞു.



ബഹിരാകാശ നടത്തത്തിനിടെ ബഹിരാകാശ നിലയത്തിലുള്ള റോബോട്ടിക് കൈയ്ക്ക് ആവശ്യമായ ഡിവൈസും കണക്ടറുകളും ഇരുവരും ഘടിപ്പിച്ചതായി ചൈനീസ് ഔദ്യോഗിക മാധ്യമം ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 15 മീറ്റര്‍ വരെ നീട്ടാനാകുന്നതാണ് ഈ റോബോട്ടിക് കൈ. ഇതുകൂടാതെ ബഹിരാകാശ നിലയത്തിന്റെ അനുബന്ധ ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമതാ പരിശോധനയും നിര്‍വഹിച്ചു.

ഒക്‌ടോബര്‍ 16ന് ടിയാന്‍ഗോങ് ബഹിരാകാശ നിലയത്തിലെത്തിയ ശേഷം ആദ്യമായാണ് ഇവര്‍ പുറത്തിറങ്ങുന്നത്. ബഹിരാകാശ നിലയത്തില്‍ നിന്ന് പുറത്തിറങ്ങി ഭൂമിയെ നോക്കി യാപിങ് കൈവീശുന്നതിന്റെ വിഡിയോ ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. 2012-ല്‍ ലിയു യാങ്ങിന് ശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ചൈനക്കാരിയാണ് യാപിങ്. 1984 മുതല്‍ ഇതുവരെ 15 വനിതകളാണ് സ്‌പേസ് വോക്ക് നടത്തിയത്. 1984 ല്‍ റഷ്യക്കാരി സ്വെറ്റ്‌ലാന സവിറ്റ്‌സ്‌കയയാണു ബഹിരാകാശ നടത്തത്തില്‍ വനിതാമുന്നേറ്റത്തിനു തുടക്കമിട്ടത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.