ദേവസഹായം പിള്ള മേയ് 15 ന് വിശുദ്ധ പദവിയിലേക്ക്; തീരുമാനം പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

 ദേവസഹായം പിള്ള മേയ് 15 ന് വിശുദ്ധ പദവിയിലേക്ക്; തീരുമാനം പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍/ തിരുവനന്തപുരം: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ ഫ്രാന്‍സിസ് മാര്‍പാപ്പ 2022 മേയ് 15-ന് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തും. ഇന്ത്യയില്‍ നിന്നുള്ള ആദ്യ അത്മായ വിശുദ്ധനായിരിക്കും വിശ്വാസ തീക്ഷ്ണതയാല്‍ രക്തസാക്ഷിയായ ഈ കന്യാകുമാരി സ്വദേശി. കാറ്റാടിമലയില്‍ 1752 ജനുവരി 14ന് രാജകല്‍പ്പന പ്രകാരം തിരുവിതാംകൂര്‍ ഭടന്മാരുടെ വെടിയേറ്റു മരിച്ച ദേവസഹായത്തിന്റെ ഭൗതിക ശരീരം അടക്കം ചെയ്തിട്ടുള്ളത് കോട്ടാര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്സ് കത്തീഡ്രലിലാണ്.

ദേവസഹായം പിള്ളയടക്കം ഏഴ് വാഴ്ത്തപ്പെട്ടവരെയായിരിക്കും 2022 മെയ് മാസം 15 ന് തിരുസഭയില്‍ വിശുദ്ധരായി ഫ്രാന്‍സിസ് പാപ്പ നാമകരണം ചെയ്യുകയെന്ന് വത്തിക്കാന്‍ അറിയിച്ചു.ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കഴിഞ്ഞ മെയ് മൂന്നാം തീയതി ഫ്രാന്‍സിസ് പാപ്പായുടെ നേതൃത്വത്തില്‍ ഓര്‍ഡിനറി കണ്‍സിസ്റ്ററി ചേര്‍ന്നിരുന്നു. എന്നാല്‍ കൊറോണ സാഹചര്യം മൂലം പ്രഖ്യാപനം മാറ്റിവയ്ക്കുകയായിരുന്നു.കഴിഞ്ഞ ദിവസം നാമകരണനടപടികള്‍ കൈകാര്യം ചെയ്യുന്ന കോണ്‍ഗ്രിഗേഷന്‍ തലവന്‍ കര്‍ദിനാള്‍ മര്‍ചെല്ലോ സെമരാരോ പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മെയ് 15 എന്നു തീരുമാനിച്ചത്.

അള്‍ജീരിയയില്‍ രക്തസാക്ഷിയായ ഫ്രഞ്ച് മിഷനറി ചാള്‍സ് ഡി ഫൂക്കോള്‍ഡ്, വൊകേഷനിസ്റ്റ് സഭാ സ്ഥാപകനായ ഫാദര്‍ ജസ്റ്റിനോ മരിയ റുസോളിലോ, ഫ്രാന്‍സില്‍ നിന്നുള്ള വൈദികനായ സെസാര്‍ ദെ ബസ്, ഇറ്റലിയിലെ ബെര്‍ഗമോ പ്രദേശത്ത് നിന്നുള്ള വൈദികനായ ലൂയിജി മരിയ പലാസോലോ, ഇറ്റലിയില്‍ ജനിച്ച് ഉറുഗ്വായില്‍ മരണമടഞ്ഞ കപ്പുച്ചിന്‍ സിസ്റ്ററായ അന്ന മരിയാ റുബാത്ത, ഇറ്റലിയില്‍ നിന്നുള്ള തിരുകുടുംബ സന്യാസസമൂഹ സ്ഥാപകയായ സിസ്റ്റര്‍ മരിയ ഡൊമെനിക്ക മാന്തോവാനി എന്നിവരാണ് ഇതോടൊപ്പം വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്ന മറ്റ് ആറ് വാഴ്ത്തപ്പെട്ടവര്‍.വിശുദ്ധ പദവി പ്രഖ്യാപനത്തില്‍ അനിവാര്യമായ, ദേവസഹായം പിള്ളയുടെ മാധ്യസ്ഥത്തില്‍ സംഭവിച്ച രോഗസൗഖ്യത്തിന് കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ് പാപ്പ അംഗീകാരം നല്‍കിയിരുന്നു.

ഡിലനോയി തെളിച്ച വെളിച്ചം

കന്യാകുമാരിയിലെ നട്ടാലത്ത് 1712 ഏപ്രില്‍ 23ന് ജനിച്ച നീലകണ്ഠപിള്ള തിരുവിതാംകൂര്‍ രാജ്യകൊട്ടാരത്തില്‍ കാര്യദര്‍ശിയായിരിക്കേയാണ് ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ദേവസഹായം പിള്ള എന്ന നാമം സ്വീകരിച്ച് ക്രൈസ്തവവിശ്വാസത്തിലേക്ക് എത്തിയത്. കുളച്ചല്‍ യുദ്ധത്തില്‍ തിരുവിതാംകൂര്‍ സൈന്യം തടവിലാക്കിയ ഡച്ച് പടത്തലവനും കത്തോലിക്കാ വിശ്വാസിയുമായ ഡിലനോയിയില്‍ നിന്നാണ് ക്രിസ്തുവിനെ കുറിച്ച് അറിയാന്‍ ദേവസഹായം പിള്ളക്ക് കഴിഞ്ഞത്. ജീവിതത്തില്‍ നിരവധി വിഷമഘട്ടങ്ങള്‍ നേരിട്ട നീലകണ്ഠപ്പിള്ളയ്ക്ക് ക്രിസ്തുവിന്റെ സുവിശേഷസത്യങ്ങള്‍ വലിയ ആശ്വാസവും പ്രത്യാശയുമാണ് പകര്‍ന്നത്.

തിരുവിതാംകൂറില്‍ മിഷണറിയായിരുന്ന ഈശോ സഭയിലെ ഫാ. ജെ.പി പട്ടാരിയില്‍ നിന്ന് 1745 മേയ് 17നാണ് 'ലാസര്‍' എന്നര്‍ത്ഥം വരുന്ന 'ദേവസഹായം' പിള്ള എന്ന പേരില്‍ അദ്ദേഹം മാമ്മോദീസ സ്വീകരിച്ചത്. തിരുവിതാംകൂറിന്റെ പലഭാഗങ്ങളില്‍ സുവിശേഷം പ്രസംഗിച്ച ദേവസഹായം പിള്ള രാജസേവകരുടെ കണ്ണിലെ കരടായി മാറി. പിള്ളയ്ക്കെതിരെ അവര്‍ രാജദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചു.

ശാരീരിവും മാനസികവുമായ കൊടിയ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നിട്ടും ക്രിസ്തുവിനെ തള്ളിപ്പറയാതിരുന്ന ദേവസഹായം പിള്ള നാല് വര്‍ഷം ജയിലില്‍ കഴിഞ്ഞു. ക്രിസ്തുവിശ്വാസം ഉപേക്ഷിക്കാന്‍ തയാറാകാത്ത അദ്ദേഹത്തെ 1752 ജനുവരി 14ന് കാറ്റാടി മലയില്‍വെച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു.ദേവസഹായം പിളളയുടെ നാമത്തിലുള്ള ആദ്യ പള്ളി നെയ്യാറ്റിന്‍കര രൂപതയിലെ പാറശാല ഫൊറോനയിലെ ചൊവ്വല്ലൂര്‍ പൊറ്റ ദേവാലയമാണ്. വാഴ്ത്തപ്പെട്ട ദേവസഹായം പിളളയുടെ തിരുശേഷിപ്പും ഇടവകയില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്.

ദേവസഹായം പിള്ളയെ രക്തസാക്ഷിയെന്ന നിലയില്‍ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ക്ക് 2012-ല്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയാണ് അംഗീകാരം നല്‍കിയത്.നാഗര്‍കോവിലില്‍ 2012 ഡിസംബര്‍ രണ്ടിനായിരുന്നു ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യപിച്ച ചടങ്ങ്.അന്തരിച്ച റവ.ഡോ.കെ.സി.ജോര്‍ജ് കരിക്കംപള്ളില്‍ എസ്ജെ സമൂഹ വിശുദ്ധ കുര്‍ബാനയില്‍ കാര്‍മ്മികനായിരുന്നു. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പായ്ക്കു വേണ്ടി പ്രതിനിധിയും നാമകരണ നടപടിക്കുള്ള തിരുസംഘത്തിന്റെ അധ്യക്ഷനുമായിരുന്ന കര്‍ദ്ദിനാള്‍ എയ്ഞ്ചലോ അമാറ്റോ സന്നിഹിതനായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.