ബെയ്ജിങ്: അത്യാധുനിക യുദ്ധക്കപ്പല്‍ ചൈന പാകിസ്താനു കൈമാറി. ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രതിരോധം തീർക്കുക ലക്ഷ്യമിട്ടാണ് നടപടി. ചൈന പാകിസ്താന് കൈമാറുന്ന ഏറ്റവും വലുതും മികവേറിയതുമായ യുദ്ധകപ്പലാണിത്.
‘പി.എൻ.എസ്. തുഗ്റിൽ’ എന്നു പേര് നൽകിയിട്ടുള്ള കപ്പൽ ചൈനീസ് സർക്കാരിന്റെ കപ്പൽനിർമാണ അതോറിറ്റിയാണ് നിർമിച്ചത്.
ചൈനയിലെ ഷാങ്ഹായിൽ തിങ്കളാഴ്ച നടന്ന ചടങ്ങിൽ കപ്പൽ പാകിസ്താൻ നാവിക സേനയ്ക്കു കൈമാറി. ഇന്ത്യൻ മഹാസമുദ്രത്തിലെ സായുധശക്തിയുടെ തുല്യത നിലനിർത്താൻ സഹായിക്കുന്നതാണ് കൈമാറ്റമെന്ന് ചൈനയിലെ പാകിസ്താൻ സ്ഥാനപതി മൊയിൻ ഉൽ ഹഖ് പറഞ്ഞു. മേഖലയിലെ വെല്ലുവിളികൾ നേരിടാൻ തുഗ്റിൽ പാക് നാവികസേനയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചൈന പാകിസ്താനു കൈമാറാമെന്ന് ഏറ്റ നാലു യുദ്ധക്കപ്പലുകളിൽ ആദ്യത്തേതാണിത്. ബാക്കിയുള്ളവ പിന്നീട് കൈമാറും. കരയിൽനിന്ന് കരയിലേക്കും കരയിൽനിന്ന് ആകാശത്തേക്കും വെള്ളത്തിനടിയിൽ നിന്നും ആക്രമണം നടത്താൻ ശക്തിയുള്ള യുദ്ധക്കപ്പലാണിത്. കഴിഞ്ഞ വർഷങ്ങളിലായി ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയെ പ്രതിരോധിക്കാൻ പാകിസ്താനുമായുള്ള തന്ത്രപരമായ സൈനിക സഹകരണം വർധിപ്പിക്കാൻ ചൈന ഏറെ ശ്രദ്ധ പുലർത്തുന്നുണ്ട്.