ഗ്ലാസ്‌ഗോ: ആഗോള താപവര്‍ധനവ് നിയന്ത്രിക്കുന്നതിന് പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങി അമേരിക്കയും ചൈനയും. ഗ്ലാസ്‌ഗോയിലെ യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയിലാണ്, ലോകത്ത് ഏറ്റവും കൂടുതല്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളി അധിക താപവര്‍ധനവുണ്ടാക്കുന്ന യു.എസും ചൈനയും നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടത്.
ആഗോള താപവര്‍ധനവ് രണ്ട് ഡിഗ്രി സെന്റിഗ്രേഡ് പരിധി ലംഘിക്കരുതെന്ന 2015 ലെ പാരിസ് ഉച്ചകോടിയിലെ തീരുമാനം യാഥാര്‍ഥ്യമാക്കുന്നതിന് സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന്് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ അറിയിച്ചു.ഈ രചനാത്മക നിലപാടിനെ യു.എന്‍ മേധാവി അന്റോണിയോ ഗുട്ടറെസ് സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്നതിന് അന്താരാഷ്ട്ര സഹകരണവും ഐക്യവും അനിവാര്യമാണെന്നും, അതിനാല്‍ ഇരു രാജ്യങ്ങളുടെയും തീരുമാനം ആ വഴിയിലുള്ള നിര്‍ണായക ചുവടുവെപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
തായ്വാന് പിന്തുണ നല്‍കുന്ന അമേരിക്കയുമായി കടുത്ത സംഘര്‍ഷവും എതിര്‍പ്പും ചൈനയ്ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മറ്റു ഭിന്നതകളെല്ലാം മാറ്റിവെച്ച് കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാന്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് ഇരുരാജ്യങ്ങളുടെയും അപ്രതീക്ഷിത തീരുമാനം. ഇതിനായി കൃത്യമായ ഇടവേളവകളില്‍ കൂടിക്കാഴ്ച നടത്തും. 2050 ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ രാജ്യമാകുമെന്ന് യു.എസും, 2060 ഓടെ സീറോ എമിഷന്‍ രാജ്യമാകുമെന്ന് ചൈനയും മുമ്പ് വ്യക്തമാക്കിയിരുന്നു.
ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുന്നതിനും ദുര്‍ബലരായ രാജ്യങ്ങളെ ആഗോളതാപന ആഘാതങ്ങളില്‍നിന്ന് സംരക്ഷിക്കുന്നതിനും വഴികള്‍ കണ്ടെത്താനുള്ള പാരീസ് ഉടമ്പടിയിലെ നിര്‍ദ്ദേശങ്ങള്‍ എങ്ങനെ നടപ്പാക്കാം എന്ന് മിക്ക രാജ്യങ്ങളും ഗൗരപൂര്‍ണമായ ചര്‍ച്ച നടത്തവേയാണ് ഇരു രാജ്യങ്ങളുടെയും പരസ്പര പങ്കാളിത്തം ഉറപ്പായിരിക്കുന്നത്.