ന്യൂയോര്‍ക്ക്:ട്വിറ്ററിലൂടെ നടത്തിയ അഭിപ്രായ ശേഖരണത്തിനു ശേഷം ടെസ് ലയുടെ 110 കോടി ഡോളര്‍(8200 കോടി രൂപ) മൂല്യമുള്ള ഓഹരികള്‍ വിറ്റ് ഇലോണ്‍ മസ്‌ക്.
നികുതി ഒഴിവ് നേടുന്നതിനായി ടെസ് ലയുടെ 10 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നു. നിങ്ങള്‍ പിന്തുണയ്ക്കുമോ? എന്നായിരുന്നു മസ്‌കിന്റെ ട്വിറ്ററിലെ ചോദ്യം. ലഭിച്ച 35 ലക്ഷം വോട്ടുകളില്‍ 58 ശതമാനത്തോളം പേര്‍ അനുകൂലിച്ചു.വൈകാതെ അദ്ദേഹം 9,30,000 ഓഹരിക ഓഹരികള്‍ കയ്യൊഴിയുകയും ചെയ്‌തെന്ന് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന് നല്‍കിയ റെഗുലേറ്ററി ഫയലിങില്‍ വ്യക്തം.
ടെസ് ലയില്‍ 23 ശതമാനം ഓഹരി വിഹിതമാണ് മസ്‌കിനുണ്ടായിരുന്നത്. മസ്‌കിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും ടെസ് ലയുടെ ഓഹരികളാണ്. കമ്പനിയില്‍നിന്ന് ശമ്പളമായി പണമൊന്നും പറ്റുന്നില്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഓഹരി വില്‍പ്പന നടത്താനുള്ള മസ്‌കിന്റെ പരോക്ഷ താല്‍പ്പര്യം ഇനി ഏതു വഴിക്കാകുമെന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
ലോക കോടീശ്വരപട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള മസ്‌കിന് നിലവില്‍ 300 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഒരു ലക്ഷം കോടി ഡോളറിലധികം വിപണി മൂല്യമുള്ള ലോകത്തിലെ ഏറ്റവും വലിയ കാര്‍ കമ്പനിയായാണ് ടെസ് ല. വെള്ളിയാഴ്ച പുറത്തുവിട്ട മൂന്നാം പാദഫലത്തില്‍ റെക്കോഡ് ലാഭം പ്രഖ്യാപിച്ചതിനുപിന്നാലെ കമ്പനിയുടെ ഓഹരി വിലയില്‍ 40 ശതമാനം കുതിപ്പുണ്ടായിരുന്നു. എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 1,229.91 ഡോളറില്‍ വിലയെത്തുകയും ചെയ്തു.