തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം തുടര്‍ന്നുള്ള 48 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം വടക്കന്‍ തമിഴ്നാട് തീരത്തുകൂടി കരയില്‍ പ്രവേശിച്ചു. കഴിഞ്ഞ ആറു മണിക്കൂറായി 10 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറ്-വടക്കു-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച തീവ്ര ന്യൂനമര്‍ദ്ദം ഇന്നലെ രാത്രി 11.30 ഓടെ ചെന്നൈ തീരത്ത് നിന്ന് ഏകദേശം 40 കിലോമീറ്റര്‍ തെക്കു-തെക്കു-കിഴക്കു മാറി സ്ഥിതി ചെയുന്നു. തുടര്‍ന്നു പടിഞ്ഞാറ്- വടക്കു-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ഇന്ന് രാവിലെ ശക്തി ക്ഷയിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട പുതിയ ന്യുനമര്‍ദ്ദം മൂലം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ടാണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ മേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.