തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഡാമിനെ സംബന്ധിച്ച് കേരളം ഉന്നയിച്ച വാദങ്ങളില്‍ കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. ബേബി ഡാമിലെ മരം മുറിക്കാന്‍ കേരളം അനുമതി നല്‍കിയത് തമിഴ്നാട് സര്‍ക്കാര്‍ കോടതിയില്‍ ഉയര്‍ത്തുമെന്നാണ് സൂചന. ഇത് ഉദ്യോഗസ്ഥ വീഴ്ചയാണെന്ന വാദം കേരളം സുപ്രീം കോടതിയിലും ഉയര്‍ത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അതേസമയം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.4 അടിയിലെത്തി. തമിഴ്നാട് ഡാമില്‍ നിന്നും കൊണ്ടു പോകുന്ന ജലത്തിന്റെ അളവില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ഡാമിലെ ജലനിരപ്പിലും വര്‍ധനയുണ്ടായിട്ടുണ്ട്. 2398.46 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജലനിരപ്പ് ഇതേരീതിയില്‍ തുടരുകയാണെന്ന് ചെറുതോണി ഡാമിന്‍റെ ഷട്ടറുകള്‍ തുറന്ന് വെള്ളം നിയന്ത്രിതമായ അളവില്‍ പുറത്തേക്ക് ഒഴുക്കിവിടുമെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചിരുന്നു. 100 ക്യൂമെക്സ് വരെ നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്നാണ് അറിയിപ്പ്.
തുലാവര്‍ഷം ശക്തിപ്രാപിച്ച് നില്‍ക്കുന്നതിനാലും ഇടുക്കി ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാലും ജലസംഭരണിയുടെ ജലനിരപ്പ് ക്രമേണ ഉയര്‍ന്നു വരുന്നതുമായ സാഹചര്യത്തില്‍ ജില്ലയിലെ വിവിധ വകുപ്പുകള്‍ക്കും പൊതുജനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.