കെയ്റോ: മാരക വിഷം പേറുന്ന തേളുകള്‍ പേമാരിക്കൊപ്പം കൂട്ടമായി തെരുവുകളിലേക്ക് ഇളകിയിറങ്ങി നടത്തിയ ആക്രമണത്തില്‍ വലഞ്ഞ് ഈജിപ്തിലെ തെക്കന്‍ നഗരമായ അസ്വാനിലെ ജനങ്ങള്‍. വീടുകളിലേക്ക് അതിക്രമിച്ചുകയറിയ തേളുകളുടെ കുത്തേറ്റ് മൂന്നു പേര്‍ മരിച്ചു. ഏകദേശം 450 പേരാണ്് മുറിവും വിഷബാധയുമേറ്റ് ആശുപത്രികളിലുള്ളത്.ലോകത്തിലെ ഏറ്റവും വിഷമേറിയ തേളുകളാണിവ.
നൈല്‍നദിയിലെ വെള്ളപ്പൊക്കത്തേക്കാള്‍ ഈ ദിവസങ്ങളില്‍ അസ്വാനെ വലച്ചത് തേളുകളുടെ പടയാണ്. കനത്ത മഴയ്ക്കും കാറ്റിനും പിന്നാലെ അവ കൂട്ടമായി തെരുവുകളിലേക്കിറങ്ങി.'മനുഷ്യനെക്കൊല്ലി' എന്നറിയപ്പെടുന്ന ഫാറ്റ് ടെയ്ല്‍ഡ് (വലിയ വാലന്‍) തേളുകളാണ് നാശം വിതച്ചത്. ആന്‍ഡ്രോക്ടോണസ് വര്‍ഗ്ഗത്തില്‍ പെടുന്നതാണിവ.കുത്തേറ്റാല്‍ ഒരു മണിക്കൂറിനുള്ളില്‍ ജീവനെടുക്കാന്‍ ശേഷിയുള്ള വിഷമാണ് ഇവയുടേത്. ഈജിപ്തിനു പുറമേ ഇന്ത്യ, ഇസ്രയേല്‍, ലെബനന്‍ തുര്‍ക്കി, സൗദി അറേബ്യ ഉള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങളില്‍ ഇവയുടെ സാന്നിധ്യമുണ്ട്.
പ്രതിവര്‍ഷം ഒട്ടേറെപ്പേരാണ് ഇത്തരം കൂറ്റന്‍ തേളുകളുടെ ആക്രമണങ്ങള്‍ക്ക് ഇരയായി ലോകത്ത് മരിക്കുന്നത്. ഇവയുടെ പ്രധാന വാസസ്ഥലമാണ് ഈജിപ്ത്. തേളിന്റെ കുത്തേറ്റവര്‍ ശ്വാസതടസ്സം, പേശികളില്‍ വേദന തുടങ്ങിയ വിഷമതകളാല്‍ വലയുന്നു. വീട്ടില്‍ത്തന്നെ കഴിയണമെന്നും മരങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളിലേക്ക് ഇറങ്ങരുതെന്നും ജനങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി.