കൊച്ചിയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് 13 വാഹനങ്ങള്‍ തകര്‍ത്തു; യാത്രക്കാര്‍ക്ക് പരിക്ക്

കൊച്ചിയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് 13 വാഹനങ്ങള്‍ തകര്‍ത്തു; യാത്രക്കാര്‍ക്ക് പരിക്ക്

കൊച്ചി: കൊച്ചിയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറി. യാത്രക്കാര്‍ക്കു പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. റോഡിന് അരികില്‍ നിര്‍ത്തിയിട്ട കാറുകള്‍ ഉള്‍പ്പെടെ പതിമൂന്നോളം വാഹനങ്ങളാണ് അപകടത്തില്‍ തകര്‍ന്നത്. തിങ്കളാഴ്ച രാവിലെ കൊച്ചി ഫൈന്‍ ആര്‍ട്സ് ഹാളിന് സമീപമാണ് അപകടം.

ഫോര്‍ട്ട് കൊച്ചയില്‍ നിന്ന് കാക്കനാട്ടേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് സമീപമുണ്ടായിരുന്ന വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. റോഡിന് വശത്ത് പാര്‍ക്ക് ചെയ്ത ഓട്ടോറിക്ഷയിലാണ് ബസ് ആദ്യം ഇടിച്ചത്. ഓട്ടോ തലകീഴായി മറിഞ്ഞു. ഇതിനു പിന്നാലെ റോഡിലുണ്ടായിരുന്ന നിരവധി കാറുകളിലും ഒന്നിനു പിറകെ ഒന്നായി ബസ് ചെന്നിടിച്ചു.

സംഭവത്തില്‍ പതിമൂന്നോളം വാഹനങ്ങള്‍ക്ക് വലിയതോതിലുള്ള കേടുപാടുണ്ടായി. മുന്‍ഭാഗവും വശങ്ങളും പൂര്‍ണമായി തകര്‍ന്ന കാറുകളും ഇതിലുണ്ട്. ബസിന്റെ ബ്രേക്ക് പെഡല്‍ പൊട്ടിയ നിലയിലാണ്. ബസ് അമിത വേഗതയിലാണ് വന്നതെന്നും ദൂരെ നിന്നു ബസിന്റെ വരവ് കണ്ട് ആളുകള്‍ ഓടിമാറിയതിനാലാണ് വലിയ അപകടം ഒഴിവായതെന്നും ദൃക്സാക്ഷികള്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.