അബുദബി: അബുദബിയില്‍ ഇനി മുതല്‍ വെള്ളി ശനി ദിവസങ്ങളിലും ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ്, വെഹിക്കിള്‍, ഡ്രൈവർ ലൈസന്‍സിംഗ് പരീക്ഷകള്‍ നടക്കും. ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായി മറ്റ് ദിവസങ്ങളിലുളള തിരക്ക് ഒഴിവാക്കുകയെന്നുളളത് ലക്ഷ്യമിട്ടാണ് നീക്കം. പലർക്കും ജോലി പഠന തിരക്കുകളും മറ്റ് സാഹചര്യങ്ങളും മൂലം ആഴ്ചയിലെ മറ്റ് ദിവസങ്ങളില്‍ അസൗകര്യമുളളവർക്ക് ഇനി മുതല്‍ വെളളി , ശനി ദിവസങ്ങള്‍ തെരഞ്ഞെടുക്കാം. മുസഫയിലെ ഡ്രൈവേഴ്സ് ടെസ്റ്റിംഗ് ആന്‍റ് ലൈസന്‍സിംഗ് സെന്‍റർ ശനിയാഴ്ച രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 2 മണിവരെ പ്രവർത്തിക്കും.
അലൈന്‍ സിറ്റിയിലെ സേഫ്റ്റി ബില്‍ഡിംഗ് വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉച്ചക്ക് 2 മണിമുതല്‍ രാത്രി 8 മണിവരെയാണ് പ്രവർത്തിക്കുക. അല്‍ ദഫ്രയിലെ ഡ്രൈവേഴ്സ് ആന്‍റ് വെഹിക്കിള്‍സ് ലൈസന്‍സിംഗ് ഡിപാർട്മെന്‍റ് വെള്ളിയാഴ്ച ഉച്ചക്ക് 2 മണിമുതല്‍ രാത്രി 8 മണിവരെയാണ് പ്രവർത്തിക്കുക. ഡ്രൈവേഴ്സ് ലൈസന്‍സിംഗ് സെർവീസസ്, ഡ്രൈവേഴ്സ് ടെസ്റ്റിംഗ് സെർവീസസ് എന്നിവ ശനിയാഴ്ച രാവിലെ 8 മുതല്‍ 1 മണിവരെയും പ്രവർത്തിക്കും. ഗതാഗതസംബന്ധമായുളള മറ്റ് സേവനങ്ങള്‍ അബുദബി പോലീസിന്‍റെ വെബ്സൈറ്റും സ്മാർട് ആപ്ലിക്കേഷനും മുഖേന ആഴ്ചയിലെ എല്ലാ ദിവസവും ചെയ്യാവുന്നതാണ്.