ബൊഗോട്ട: 36 വര്‍ഷം മുന്‍പ് 25000 പേരുടെ ജീവനെടുക്കുകയും ഒരു നഗരത്തെ ചാമ്പലാക്കുകയും ചെയ്ത അഗ്‌നിപര്‍വ്വതം വീണ്ടും ഭീഷണിയുയര്‍ത്തി പുകയുന്നു. നെവാദോ ഡെല്‍ റൂയിസ് പുകയുന്നതായുള്ള വാര്‍ത്ത കൊളംബിയന്‍ ജനതയുടെ നെഞ്ചില്‍ തീയായാണ് പടരുന്നത്.
പടിഞ്ഞാറന്‍ കൊളംബിയയിലാണ് നെവാദോ ഡെല്‍ റൂയിസ് അഗ്‌നിപര്‍വ്വതം. ശനിയാഴ്ച മുതല്‍ അഗ്‌നിപര്‍വ്വതം വീണ്ടും സജീവമായതായി കൊളംബിയന്‍ ജിയോളജിക്കല്‍ സര്‍വ്വീസ് സ്ഥിരീകരിച്ചു. മേഖലയില്‍ ഘടിപ്പിച്ചിരുന്ന ക്യാമറകളില്‍ നിന്നാണ് അഗ്‌നിപര്‍വ്വതത്തില്‍ നിന്ന് പുക പുറത്തേക്ക് വമിക്കുന്നത് കണ്ടത്. രാവിലെ 6.21 ഓടെയാണ് പുക പുറന്തളളുന്നത് ആദ്യം ക്യാമറയില്‍ പതിഞ്ഞത്.
1985 നവംബര്‍ 13 ന് ലോകത്തെ നടുക്കി നെവാദോ ഡെല്‍ റൂയിസ് പൊട്ടിത്തെറിച്ചിരുന്നു. ഒലിച്ചിറങ്ങിയ ലാവ പ്രവാഹം ആര്‍മിറോ എന്ന ഒരു ചെറുനഗരത്തെ് മണിക്കൂറുകള്‍ക്കകം ചാരമാക്കി. ലാവയും ചെളിയും കലര്‍ന്ന പ്രവാഹത്തില്‍ നഗരം മൂടിപ്പോയി. ഏകദേശം 50,000 ത്തോളം പേരുണ്ടായിരുന്ന നഗരത്തിലെ പകുതിയോളം പേരാണ് ഈ ചെളിക്കൂമ്പാരത്തില്‍ അമര്‍ന്നു പോയത്.
കഴുത്തറ്റം ചെളിക്കൂമ്പാരത്തില്‍ മൂന്ന് ദിവസം പുതഞ്ഞുകിടന്ന ശേഷം മരണത്തിന് കീഴടങ്ങിയ ഒമൈറ സാഞ്ചസ് എന്ന 13 കാരി പെണ്‍കുട്ടി ഈ ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മ്മയാണ്. അവളുടെ ജീവന്‍ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ആവുന്ന ശ്രമിച്ചെങ്കിലും വിഫലമാകുകയായിരുന്നു. ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ഫ്രാങ്ക് ഫോര്‍ണിയര്‍ പകര്‍ത്തിയ അവളുടെ ചിത്രങ്ങള്‍ പിന്നീട് ലോകത്തെ നൊമ്പരപ്പെടുത്തിയ കാഴ്ചയായി.