കുട്ടനാട്ടില്‍ വെള്ളപ്പൊക്കം: കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ നിര്‍ത്തി

കുട്ടനാട്ടില്‍ വെള്ളപ്പൊക്കം: കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ നിര്‍ത്തി

ആലപ്പുഴ: കുട്ടനാട്ടില്‍ വെള്ളപ്പൊക്ക കെടുതി രൂക്ഷമാകുന്നു. എടത്വ, വീയപുരം, ഹരിപ്പാട് റോഡില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ നിര്‍ത്തി. ആലപ്പുഴ , ചങ്ങനാശേരി റോഡില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് ഉള്ളതിനാല്‍ ഇവിടെയും ബസുകള്‍ ഓടുന്നില്ല. ബസ് യാത്ര അപകടകരമാകുന്ന സാഹചര്യത്തിലാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചതെന്ന് ചങ്ങനാശേരി ഡിപ്പോ അറിയിച്ചു.

കൂടാതെ അമ്പലപ്പുഴ, തകഴി, കരുവാറ്റ, പുറക്കാട് പാടശേഖരങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ റോഡില്‍ വെള്ളം കയറിയതിനാല്‍ പന്തളം ഡിപ്പോയില്‍ നിന്നുള്ള മാവേലിക്കര-ഹരിപ്പാട് , അടൂര്‍ ഡിപ്പോയിലെ കൈപ്പട്ടൂര്‍- പത്തനംതിട്ട, എടത്വ-വിയപുരം സര്‍വ്വീസുകള്‍ ഇന്ന് ഉണ്ടാകില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

അതേസമയം ഗോവ-മഹാരാഷ്ട്ര തീരത്തിനടുത്ത് അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. കൂടാതെ കര്‍ണാടകയ്ക്കും വടക്കന്‍ കേരളത്തിനും സമീപത്തായി ചക്രവാത ചുഴിയും നിലനില്‍ക്കുന്നുണ്ട്. അടുത്ത 48 മണിക്കൂറില്‍ ഇത് ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചക്രവാത ചുഴിയുടെ സ്വാധീനഫലമായി കേരളത്തില്‍ ഇന്നും നാളെയും വ്യാപകമായ മഴയ്ക്കും വടക്കന്‍ കേരളത്തിലും മലയോര പ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.