ന്യൂയോര്‍ക്ക്/ ന്യൂഡല്‍ഹി: അധിനിവേശ കാഷ്മീരില്‍ നിന്ന് പാകിസ്ഥാന്‍ ഒഴിയണമെന്ന ആവശ്യം യു.എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ശക്തമായി ഉന്നയിച്ച് ഇന്ത്യ. പാകിസ്ഥാന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന മുഴുവന്‍ സ്ഥലങ്ങളും ഒഴിയണമെന്നും ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നുമുള്ള നിലപാടുകള്‍ വ്യക്തമാക്കി്.
ചരിത്രവും സമകാലിക സംഭവ വികാസങ്ങളും ചൂണ്ടിക്കാട്ടി പാകിസ്ഥാനെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യന്‍ പ്രതിനിധി ഡോ. കാജല്‍ ഭട്ട്് ഈക്കാര്യം ഉന്നയിച്ചത്. കൗണ്‍സില്‍ ഓപ്പണ്‍ ഡിബേറ്റില്‍ പാക് പ്രതിനിധിയുടെ കശ്മീര്‍ വിഷയത്തിലെ ആരോപണത്തിന് ഇന്ത്യ ശക്തമായ മറുപടി നല്‍കിയത്. യു എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വേദികള്‍ ദുരുപയോഗിച്ച് വിദ്വേഷവും നുണയും പ്രചിപ്പിക്കുകയാണ് പാകിസ്ഥാനെന്ന് ഡോ. കാജല്‍ ഭട്ട്് പറഞ്ഞു. ഭീകരതയ്ക്കു വളക്കൂറുള്ള മണ്ണും നല്‍കുന്നു.
അതിനിടെ, കാഷ്മീരിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്ക പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി.കാഷ്മീരിലെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്താണ് നിര്‍ദേശം. ജമ്മു കാഷ്മീരിലേക്കും, ഇന്ത്യ പാക് അതിര്‍ത്തിയുടെ 10 കിമീ ചുറ്റുമുള്ള സ്ഥലങ്ങളിലേക്കും നിലവില്‍ യാത്ര ചെയ്യരുത് എന്നാണ് നിര്‍ദ്ദേശം. തിങ്കളാഴ്ച ആണ് അമേരിക്ക ലെവല്‍ ത്രീ അഡൈ്വസറി പുറത്തിറക്കിയത്.
ഇതിനിടെ ശ്രീനഗറില്‍ സുരക്ഷാ സേന നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനില്‍ രണ്ട് വ്യവസായികള്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. ഡോ. മുദാസിര്‍ ഗുല്‍, അല്‍താഫ് ഭട്ട് എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇവര്‍ ഭീകരരെ സഹായിച്ചവരാണെന്നാണ് ജമ്മു കഷ്മീര്‍ പൊലീസ് പറയുന്നത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് രണ്ട് തോക്കുകള്‍ കണ്ടെടുത്തു. ഇരുവര്‍ക്കും ഏറ്റുമുട്ടല്‍ നടന്ന ഹൈദര്‍പോറയിലെ വാണിജ്യ സമുച്ചയത്തില്‍ കടകളുണ്ടായിരുന്നു. ഇവിടെ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തലുണ്ട്.
അതേസമയം, കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ജമ്മു കഷ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട വ്യവസായികളുടെ കുടുംബം പൊലീസ് നടപടിക്ക് എതിരെ രംഗത്തെത്തി്.