പാലക്കാട്: ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ അക്രമിസംഘം സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. കാറിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പൊലീസില്‍ അറിയിക്കണമെന്നും അന്വേഷണ സംഘം അഭ്യര്‍ത്ഥിച്ചു.
വെളുത്ത നിറത്തിലുള്ള പഴയമോഡല്‍ മാരുതി 800 കാറാണ് സിസിടിവി ദൃശ്യത്തിലുള്ളത്. ഡോറുകളുടെ ഗ്ലാസില്‍ കറുത്ത കൂളിംഗ് ഫിലിം ഒട്ടിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലെ സിസിടിവികള്‍ പരിശോധിച്ചാണ് പ്രതികള്‍ സഞ്ചരിച്ച കാറിന്റെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചത്. കാറിനെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസിനെയോ, ടൗണ്‍ സൗത്ത് ഇന്‍സ്‌പെക്ടര്‍ ഷിജു എബ്രഹാമിനെയോ അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.
അതേസമയം, സഞ്ജിത്തിന്റെ കൊലപാതകം അന്വേഷിക്കാന്‍ ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് നേതൃത്വം നല്‍കുന്ന പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചതായി എഡിജിപി വിജയ് സാഖറേ അറിയിച്ചു. 34 അംഗ സംഘത്തെയാണ് നിയോഗിച്ചത്.
കേസുമായി ബന്ധപ്പെട്ട് ജില്ലയിലെ കൂടുതല്‍ എസ്ഡിപിഎ നേതാക്കളെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുന്നത് തുടരും. പ്രതികള്‍ സഞ്ചരിച്ച കാര്‍ പാലക്കാടിന്‍റെ കിഴക്കന്‍ മേഖലയില്‍ ഉപേക്ഷിക്കപ്പെട്ടോ എന്നും സംഘം പരിശോധിക്കുന്നുണ്ട്.