ന്യൂയോര്‍ക്ക്: 580 വര്‍ഷത്തിനിടെയുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം കാര്‍ത്തിക പൂര്‍ണിമ നാളായ ഇന്ന്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12:48 ന് ആരംഭിച്ച ഗ്രഹണം വൈകിട്ട് 4:17 ന് അവസാനിക്കും. സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി കടന്നുപോകുന്നത് മൂന്നു മണിക്കൂര്‍, 28 മിനിട്ട്, 23 സെക്കന്‍ഡ് സമയമായിരിക്കും.
കേരളത്തില്‍ ചന്ദ്രഗ്രഹണം ദൃശ്യമാവില്ല. ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ നോര്‍ത്ത് അമേരിക്ക, സൗത്ത് അമേരിക്ക, കിഴക്കന്‍ ഏഷ്യന്‍, ഓസ്ട്രേലിയ, പസഫിക് മേഖലകളില്‍ ഭാഗിക ചന്ദ്രഗ്രഹണം വീക്ഷിക്കാനാകും. ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണമായിരിക്കും ഇതെന്ന് നാസ അറിയിച്ചു.
2001 നും 2100 നും ഇടയില്‍ ഇതിലും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണമുണ്ടാകില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. ഭാഗിക ചന്ദ്രഗ്രഹണത്തിന്റെ വേളയില്‍ രക്തവര്‍ണത്തിലാണ് ചന്ദ്രന്‍ ദൃശ്യമാവുകയെന്ന് കൊല്‍ക്കത്തയിലെ എം. പി ബിര്‍ള പ്ലാനറ്റേറിയം റിസര്‍ച്ച് ആന്‍ഡ് അക്കാദമി ഡയറക്ടര്‍ ദേബി പ്രൊസാദ് ദുവാരി വ്യക്തമാക്കി.ഇനി ഈ അപൂര്‍വ്വ പ്രതിഭാസം 2969 ഫെബ്രുവരി എട്ടിനാകും ദൃശ്യമാവുക.