ലണ്ടന്‍ : ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് നിരോധിക്കാന്‍ ഒരുങ്ങി ബ്രിട്ടന്‍.ഈ ഭീകര സംഘടനയെ പിന്തുണയ്ക്കുന്നവര്‍ക്ക് അടക്കം 14 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും. രാഷ്ട്രീയ സംഘടനയായോ, സൈനിക സംഘടനയായോ ഹമാസിനെ കാണാന്‍ കഴിയുന്നില്ലെന്നു ബ്രിട്ടീഷ് പാര്‍ലമെന്റ് വിലയിരുത്തി.ഇന്ത്യന്‍ വംശജ കൂടിയായ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ ആണ് ഈ നീക്കത്തിനു ചുക്കാന്‍ പിടിക്കുന്നത്.
അത്യാധുനിക ആയുധങ്ങളും, അതിവിപുല പരിശീലന സൗകര്യങ്ങളും ഉള്ള ഹമാസിന് മാരകമായ തീവ്രവാദ ശേഷിയുണ്ടെന്ന് പ്രീതി പട്ടേല്‍ പറഞ്ഞു.അതുകൊണ്ടാണ് ഹമാസിനെ പൂര്‍ണ്ണമായും നിരോധിക്കാന്‍ പ്രവര്‍ത്തിച്ചത്.ഭീകരവാദ നിയമപ്രകാരം സംഘടനയെ നിരോധിക്കും.ഹമാസിന് പിന്തുണ പ്രഖ്യാപിക്കുകയോ അതിന്റെ പതാക ഉയര്‍ത്തുകയോ സംഘടനയ്ക്ക് വേണ്ടി യോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്യുന്നത് നിയമലംഘനമാണെന്നും ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. അടുത്തയാഴ്ച പാര്‍ലമെന്റില്‍ ഇതിനായി ബില്‍ അവതരിപ്പിക്കും.
'ഇസ്ലാമിക് റെസിസ്റ്റന്‍സ് മൂവ്മെന്റ്' എന്ന ഹമാസിന് രാഷ്ട്രീയ, സൈനിക വിഭാഗങ്ങളുണ്ട്. 1987-ല്‍ സ്ഥാപിതമായ ഇത് ഇസ്രായേലിന്റെ നിലനില്‍പ്പിനെയും സമാധാന ചര്‍ച്ചകളെയും എതിര്‍ക്കുന്നു. ഹമാസിന്റെ സൈനിക വിഭാഗത്തെയും 2005 ല്‍ യുകെ നിരോധിച്ച പലസ്തീന്‍ ഇസ്ലാമിക് ജിഹാദിനെയും പിന്തുണയ്ക്കുന്ന ടീ-ഷര്‍ട്ടുകള്‍ ധരിച്ചതിന് ഈ മാസം ആദ്യം ഒരാളെ ബ്രിട്ടനില്‍ അറസ്റ്റ് ചെയ്തിരുന്നു.
യു.കെയുടെ തീരുമാനത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അഭിനന്ദിച്ചു. നിരപരാധികളായ യഹൂദ വംശജരെ ലക്ഷ്യമിട്ട്, ഇസ്രായേലിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന തീവ്ര ഇസ്ലാമിക സംഘമാണ് ഹമാസെന്നു ബെന്നറ്റ് പറഞ്ഞു.അതേസമയം, യു.കെയുടെ നടപടി പ്രതിലോമപരമാണെന്നും തെറ്റിന്റെ ആവര്‍ത്തനമാണെന്നും ഹമാസ് പ്രതികരിച്ചു.