ന്യൂയോര്‍ക്ക്: വാന നിരീക്ഷകരെ ആഹ്‌ളാദിപ്പിച്ച് ചന്ദ്രഗ്രഹണം. 580 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയതായിരുന്നു മൂന്നര മണിക്കൂറോളമുണ്ടായിരുന്ന ഈ ചന്ദ്ര ഗ്രഹണം. യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ എന്നിവിടങ്ങളിലും മധ്യ, തെക്കേ അമേരിക്കയിലും ഓസ്ട്രേലിയ, യൂറോപ്പ്, ഏഷ്യ ഭൂഖണ്ഡങ്ങളിലെ ചില ഭാഗങ്ങളിലും ഭൂമിയുടെ നിഴലിലൂടെ കടന്നുപോകവേ സൂര്യ കിരണങ്ങള്‍ തടയപ്പെട്ട് ചുവന്ന നിറത്തില്‍ ചന്ദ്രന്‍ ദൃശ്യമായി.
മിക്കയിടത്തും തെളിഞ്ഞ ആകാശമായിരുന്നതിനാല്‍ ചന്ദ്രഗ്രഹണം വ്യക്തമായി കാണാനും ചിത്രങ്ങളെടുക്കാനും കഴിഞ്ഞു. ഇന്ത്യയില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമേ ഗ്രഹണം ഭാഗികമായെങ്കിലും ദൃശ്യമായിരുന്നുള്ളൂ.

ലുഡിംഗ്ടണിനടുത്തുള്ള മിഷിഗണ്‍ തടാകത്തിന് മുകളില്‍ പ്രകാശിച്ചു നിന്ന ചന്ദ്രന്റെ ഗ്രഹണ പരിണാമങ്ങള്‍ ഉച്ചസ്ഥായിയിലാകും വരെ ഭംഗിയായി ക്യമറയിലാക്കന്‍ കഴിഞ്ഞതായി ആസ്‌ട്രോ ഫോട്ടോഗ്രാഫര്‍ റാന്‍ഡി ഡോഗെര്‍ട്ടി പറഞ്ഞു. 'ആകാശം മേഘാവൃതമായിരുന്നെങ്കിലും ഇടയ്ക്കിടെ തെളിഞ്ഞുകൊണ്ടിരുന്നത് എനിക്കു ഭാഗ്യമായി. അതിനാല്‍ ധാരാളം നല്ല ഫോട്ടോകള്‍ ലഭിച്ചു,'- റാന്‍ഡി ഡോഗെര്‍ട്ടി അറിയിച്ചു. മികച്ച ചിത്രങ്ങള്‍ക്കായി സിഗ്മ 60-600 ടെലിഫോട്ടോ ലെന്‍സുള്ള നിക്കോണ്‍ ഡി500 ക്യാമറയും സിഗ്മ 1.4 ടെലികണ്‍വെര്‍ട്ടറുമാണ് അദ്ദേഹം ഉപയോഗിച്ചത്.