ജറുസലേം:ഹിറ്റ്‌ലറിന്റെ കീഴിലുള്ള വംശഹത്യാ ഭീകരത അതീജീവിച്ച വനിതകളെ ആദരിക്കുന്നതിനായുള്ള ഇസ്രായേലി സൗന്ദര്യ മത്സരത്തില്‍ 'മിസ് ഹോളോകാസ്റ്റ് സര്‍വൈവര്‍' ആയത് 86 വയസ്സുള്ള മുത്തശ്ശി. 70 നു മുകളില്‍ പ്രായമുള്ള പത്ത് വൃദ്ധസുന്ദരികളോട് മത്സരിച്ചാണ് സാലിന സ്റ്റെയിന്‍ ഫെല്‍ഡ് വിജയ കിരീടമണിഞ്ഞത്.
റൊമാനിയക്കാരിയാണ് സാലിന. നാസി ഭരണത്തില്‍ ക്രൂരമായ പീഡനങ്ങളെ അതിജീവിച്ചവര്‍ക്ക് വേണ്ടി എല്ലാ കൊല്ലവും നടത്തുന്ന മത്സരമാണിത്. 90 വയസു വരെയുള്ളവര്‍ക്കു മത്സരത്തില്‍ പങ്കെടുക്കാം.ജറുസലേമിലെ മ്യൂസിയത്തിലായിരുന്നു മത്സരം.കോവിഡ് കാരണം കഴിഞ്ഞ വര്‍ഷം മത്സരം മുടങ്ങി.
സൗന്ദര്യമത്സരങ്ങളില്‍ സാധാരണ ഉള്ള എല്ലാം ഘടകങ്ങളും ഈ മത്സരത്തിലും ഉണ്ടായിരുന്നു. കേശാലങ്കരവും ക്യാറ്റ് വാക്കും ഉള്‍പ്പെടെ മത്സരത്തിന്റെ എല്ലാ വശങ്ങളിലും മാറ്റുരച്ചതിന് ശേഷമാണ് സാലിന സുന്ദരി പട്ടം ചൂടിയത്. നാസി ഭീകരതയില്‍ യുവത്വം നഷ്ടപ്പെട്ടു പോയ സ്ത്രീകള്‍ക്ക് സന്തോഷിക്കാനും സ്വയം ബഹുമാനിക്കാനുമുള്ള അവസരമാണ് ഈ മത്സരത്തിലൂടെ ഒരുക്കികൊടുക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു.