ക്വാലാലംപൂർ : ഫ്രഞ്ച് ആക്രമണത്തിന് ശേഷമുള്ള തന്റെ പരാമർശങ്ങൾ സന്ദർഭത്തിൽ നിന്ന് മുറിച്ചു മാറ്റി എടുത്തതാണ് എന്ന് മുൻ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ്. ഫ്രാൻസിലെ നൈസിലെ തീവ്രവാദി ആക്രമണത്തിന് ശേഷം, അദ്ദേഹം സോഷ്യൽ മീഡിയായിൽ പോസ്റ്റ് ചെയ്ത ബ്ലോഗിലെ കമന്റ് ആണ് വിവാദമായത് .
മുസ്ലീങ്ങൾക്ക് മുൻകാല കൂട്ടക്കൊലകൾക്ക് പകരം ചെയ്യാനായി ദശലക്ഷക്കണക്കിന് ഫ്രഞ്ച് ജനങ്ങളെ കൊല്ലാൻ അവകാശമുണ്ട് എന്നതായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. തന്റെ പോസ്റ്റുകൾ എടുത്തുമാറ്റിയതിന് ഫേസ്ബുക്കിനെയും ട്വിറ്ററെയും അദ്ദേഹം വിമർശിച്ചു.
ഫ്രാൻസിലെ നൈസ് സിറ്റിയിലെ നോത്ര ഡാം ബസലിക്കയിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് മുഹമ്മദിന്റെ വിവാദ പരാമർശങ്ങൾ. ഫ്രാൻസിൽ നടമാടുന്ന ഇസ്ലാമിക തീവ്രവാദി ആക്രമണങ്ങളെത്തുടർന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ 'ഇസ്ലാമിക തീവ്രവാദത്തിനെ' അടിച്ചമർത്തുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നു.ഇമ്മാനുവേൽ മാക്രോൺ ഇസ്ലാം വിരോധം വളർത്തുന്നു എന്നതാണ് പ്രധാന ആരോപണം. ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്ത ഒരു ബ്ലോഗിന്റെ ഭാഗമായിരുന്നു മുഹമ്മദിന്റെ അഭിപ്രായം. സൈബർ നിയമങ്ങൾ ലംഘിച്ചതിന് ഇത് പിന്നീട് രണ്ട് സൈറ്റുകളിൽ നിന്നും നീക്കംചെയ്തു.
തന്റെ നിലപാടിനെ ന്യായീകരിച്ച് വെള്ളിയാഴ്ച മുഹമ്മദ് മറ്റൊരു ബ്ലോഗ് പോസ്റ്റ് എഴുതി. “എന്റെ ബ്ലോഗിൽ ഞാൻ എഴുതിയത് തെറ്റായി ചിത്രീകരിക്കാനും സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി ഉപയോഗിക്കാനുമുള്ള ശ്രമങ്ങളിൽ എനിക്ക് നിരാശയുണ്ട് ,” മുഹമ്മദ് പ്രസ്താവനയിൽ പറഞ്ഞു. തന്റെ ബ്ലോഗ് പൂർണ്ണമായി വായിക്കുന്നതിൽ വിമർശകർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . പ്രത്യേകിച്ചും അടുത്ത വാചകം, അത് ഇങ്ങനെ ആയിരുന്നു : “എന്നാൽ മുസ്ലീകൾ ‘കണ്ണിന് കണ്ണ്’ നിയമം പ്രയോഗിച്ചിട്ടില്ല. ആരും അങ്ങനെ ഉപയോഗിക്കാനും പാടില്ല. പകരം മറ്റുള്ളവരുടെ വികാരങ്ങളെ ബഹുമാനിക്കാൻ ഫ്രഞ്ചുകാർ അവരുടെ ആളുകളെ പഠിപ്പിക്കണം.” തന്റെ പരാമർശം നീക്കം ചെയ്തവർ മറുഭാഗത്ത് പ്രവാചകൻ മുഹമ്മദിന്റെ കാർട്ടൂൺ പ്രദർശിപ്പിക്കുകയും ചെയ്യുന്നു എന്ന് അദ്ദേഹം ആരോപിച്ചു .
സൈബർ നിയമങ്ങൾ ലംഘിച്ചതിന് മഹാതിറിന്റെ പോസ്റ്റിംഗ് നീക്കം ചെയ്തതായി ഫേസ്ബുക്ക് മലേഷ്യ അറിയിച്ചു . “ഞങ്ങൾ ഫേസ്ബുക്കിൽ വിദ്വേഷ ഭാഷണം അനുവദിക്കുന്നില്ല. അക്രമം, മരണം, ശാരീരിക ഉപദ്രവം എന്നിവയ്ക്കുള്ള പിന്തുണയെ ശക്തമായി അപലപിക്കുന്നു,” ഫേസ്‌ബുക്ക് അവരുടെ നയം വ്യക്തമാക്കി.