പാര്‍ലമെന്റില്‍ കാര്‍ഷിക നിയമം പിന്‍വലിക്കുന്നതുവരെ സമരം; നേരത്തെ നിശ്ചയിച്ച റാലികളും നടത്തും

പാര്‍ലമെന്റില്‍ കാര്‍ഷിക നിയമം പിന്‍വലിക്കുന്നതുവരെ സമരം; നേരത്തെ നിശ്ചയിച്ച റാലികളും നടത്തും

ന്യുഡല്‍ഹി: പാര്‍ലമെന്റില്‍ കാര്‍ഷിക നിയമം പിന്‍വലിക്കുന്നതുവരെ കര്‍ഷക സമരം തുടരാന്‍ തീരുമാനം. സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സമരത്തിന്റെ ഭാവി തീരുമാനിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച യോഗം ചേര്‍ന്നത്. നേരത്തെ നിശ്ചയിച്ചിട്ടുള്ള കര്‍ഷക റാലികളും നടത്തും. സമരം തുടരാന്‍ ഇന്നലെ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലും തീരുമാനമാച്ചിരുന്നു.

കാബിനറ്റില്‍ പോലും കൂടിയാലോചന നടത്താതെയാണ് നിയമം പിന്‍വലിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എത്തിയത്. നിയമം റദ്ദാക്കുന്ന സാങ്കേതിക നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. താങ്ങു വിലയില്‍ നിയമപരമായ ഉറപ്പ് നല്‍കുക എന്നതാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. സമരം പൂര്‍ണ വിജയമാകണമെങ്കില്‍ ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണം. അതുവരെ ഡല്‍ഹി അതിര്‍ത്തിയില്‍ റോഡ് ഉപരോധിച്ചുള്ള സമരത്തില്‍ അയവ് വരുത്തേണ്ടതില്ലെന്നാണ് സംഘടനകളുടെ തീരുമാനം. സമരത്തിനിടെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നും മരിച്ച കര്‍ഷകരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കണമെന്ന ആവശ്യവും കര്‍ഷക സംഘടനകള്‍ ഉന്നയിക്കുന്നു.

ഒരുവര്‍ഷം നീണ്ടു നിന്ന കര്‍ഷകരുടെ സമരത്തിന് പിന്നാലെയാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളും പിന്‍വലിക്കുമെന്നും നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഈ മാസം അവസാനം ചേരുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ നിയമങ്ങള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

താങ്ങുവിലയടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും. കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും, കാര്‍ഷിക മേഖലയില്‍ നിന്നുള്ള വിദഗ്ധരരും കര്‍ഷകരുടെ പ്രതിനിധികളും ഈ സമിതിയില്‍ അംഗങ്ങളാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.