യു.എസില്‍ ക്രിസ്മസ് പരേഡിലേക്ക് കാര്‍ ഇടിച്ചുകയറി: നിരവധി മരണം; കുട്ടികളടക്കം 20 പേര്‍ക്കു പരിക്ക്

യു.എസില്‍ ക്രിസ്മസ് പരേഡിലേക്ക് കാര്‍ ഇടിച്ചുകയറി: നിരവധി മരണം; കുട്ടികളടക്കം 20 പേര്‍ക്കു പരിക്ക്

വിസ്‌കോന്‍സിന്‍: അമേരിക്കയില്‍ ക്രിസ്മസ് പരേഡിലേക്കു കാര്‍ ഇടിച്ചുകയറി നിരവധി ആളുകള്‍ കൊല്ലപ്പെട്ടു. കുട്ടികള്‍ ഉള്‍പ്പെടെ ഇരുപതിലധികം പേര്‍ക്കു പരുക്കേറ്റു. വിസ്‌കോന്‍സിന്‍ സംസ്ഥാനത്ത് ഞായറാഴ്ച അമേരിക്കന്‍ സമയം വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. അമിതവേഗത്തില്‍ വന്ന കാര്‍ കാഴ്ചക്കാരിലേക്കു ഇടിച്ചുകയറുകയായിരുന്നെന്നു പോലീസ് പറഞ്ഞു. സംഭവത്തില്‍ കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

ക്രിസ്മസിനു മുന്നോടിയായി യുഎസില്‍ പരമ്പരാഗതമായി നടക്കുന്ന ചടങ്ങാണ് ക്രിസ്മഡ് പരേഡ്.


അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അപകടത്തിനിടയാക്കിയ ചുവന്ന എസ്യുവി കാര്‍ കസ്റ്റഡിയിലെടുത്തെന്നും പോലീസ് അറിയിച്ചു. നിരവധി പേരെ ഇടിച്ചു തെറിപ്പിച്ച കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. അതേസമയം മരിച്ചവരുടെ എണ്ണം സംബന്ധിച്ച വിവരം പുറത്തിവിട്ടിട്ടില്ല. 11 മുതിര്‍ന്നവരെയും പ്രായപൂര്‍ത്തിയാകാത്ത 12 പേരെയും ആംബുലന്‍സുകളില്‍ ആശുപത്രികളിലേക്കു മാറ്റി.

പലരുടേയും നില അതീവ ഗുരുതരമാണ്. സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും അന്വേഷണം ആരംഭിച്ചതായും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു.

ഹോളിഡേ പരേഡ് ഫേസ്ബുക്ക് പേജില്‍ തത്സമയ സംപ്രേക്ഷണം ചെയ്തിരുന്നു. വിഡിയോയില്‍ ചുവന്ന എസ്.യു.വി ജനക്കൂട്ടത്തിനിടയിലൂടെ ഓടിക്കുകയും വഴിയില്‍ ആളുകളെ ഇടിക്കുകയും ചെയ്യുന്നതായി കാണാം. ഡ്രൈവര്‍ക്കു നേരെ പോലീസ് വെടിയുതിര്‍ത്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.