ലണ്ടന്‍: ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ പാശ്ചാത്യ രാജ്യങ്ങളില്‍ 'രക്തം ചിന്തുന്ന' ആക്രമണം നടത്തുന്നതിന് യുവ ചാവേര്‍ ബോംബര്‍മാരെ പ്രചോദിപ്പിക്കാന്‍ ടിക് ടോക്ക് ഉപയോഗിക്കുന്നു ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് എന്ന് ബ്രിട്ടണിലെ 'സണ്‍' മാധ്യമത്തില്‍ റിപ്പോര്‍ട്ട്. ടിക് ടോക്കില്‍ ഇതിനായി ഹ്രസ്വ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
യുവാക്കള്‍ക്കിടയില്‍ അമുസ്ലിംകളോട് വിദ്വേഷം വളര്‍ത്താന്‍ ഐസിസ് വിവിധ അക്കൗണ്ടുകള്‍ വഴി ടിക് ടോക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ക്രിസ്മസ് വേളയില്‍ വന്‍തോതിലുള്ള ആള്‍നാശം ഉണ്ടാക്കാന്‍ പ്രേരിപ്പിക്കുന്ന വീഡിയോകളിലൊന്ന് കണ്ടതായി സണ്‍ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 'കുഫറിന്റെയും കുരിശുയുദ്ധക്കാരുടെയും ആഘോഷം' എന്നാണ് വീഡിയോ ക്രിസ്മസിനെ വിശേഷിപ്പിച്ചത്. 'അവര്‍ അളളാഹുവില്‍ വിശ്വസിക്കുന്നില്ല. അവര്‍ വിശുദ്ധമായതിനെ കളിയാക്കുന്നു. അവര്‍ പിശാചിന്റെ അടിമകളാണ്. അല്ലാഹുവിന്റെ പടയാളി, ഈ കുഫറുകളുടെ രക്തം ചൊരിയാന്‍ സ്വയം തയ്യാറാകൂ'എന്നും വീഡിയോ ആഹ്വാനം ചെയ്യുന്നു. ക്രിസ്മസ് മാര്‍ക്കറ്റുകളുടെയും ആഘോഷങ്ങളുടെയും നിരവധി രംഗങ്ങള്‍ വീഡിയോയിലുണ്ട്.
'അവരെ പോലെയുള്ള വസ്ത്രങ്ങള്‍ ധരിച്ച് ചാവേര്‍ ബോംബര്‍മാരാകാനും ജനക്കൂട്ടത്തെ ആക്രമിക്കാനും' വീഡിയോ പ്രോത്സാഹിപ്പിക്കുന്നു. ഐസിസ് പ്രചരണത്തിന് ഉപയോഗിക്കുന്ന അക്കൗണ്ടിലാണ് വീഡിയോ അപ് ലോഡ് ചെയ്തതെന്നും സണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അക്കൗണ്ട് കഴിഞ്ഞ 18 മാസമായി പ്രവര്‍ത്തനക്ഷമമാണ്. കൂടാതെ ആയിരക്കണക്കിന് തവണ വീക്ഷിച്ചിട്ടുമുണ്ട്.
ജര്‍മ്മനിയിലെ കെട്ടിടങ്ങളുടെയും ഘടനകളുടെയും നിരീക്ഷണ വീഡിയോ പോസ്റ്റ് ചെയ്ത ബുര്‍ഖ ധരിച്ച ഒരു സ്ത്രീയുടെ വീഡിയോ മറ്റൊരു അക്കൗണ്ടിലുണ്ട്. 'അല്ലാഹു നിങ്ങളെ സ്വര്‍ഗത്തിലേക്ക് സ്വീകരിക്കട്ടെ' എന്നാണ് അടിക്കുറിപ്പ്. സിംഹം ഇരയ്ക്കുവേണ്ടി പോരാടുകയും ശത്രുക്കളെ ആട്ടിന്‍കൂട്ടമാക്കുകയും ചെയ്യും എന്നാണ് അക്കൗണ്ടിന്റെ ബയോയില്‍ പറയുന്നത്.
നവംബര്‍ 17 ന് ഇറ്റലിയിലെ മിലാന്‍ പോലീസ് അന്താരാഷ്ട്ര തീവ്രവാദത്തില്‍ പങ്കുള്ളതായി ആരോപിച്ച് 19 കാരിയായ യുവതിയെ അറസ്റ്റ് ചെയ്തിരുന്നു. ശിരഛേദം ചെയ്യുന്നതിന്റെ വീഡിയോകള്‍, ഐഎസിന്റെ പ്രചാരണ വിഭാഗം സൃഷ്ടിച്ച മെറ്റീരിയലുകള്‍, ഓഗസ്റ്റില്‍ കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് 183 പേരുടെ ജീവന്‍ അപഹരിച്ചതായി ആരോപിക്കപ്പെടുന്ന ഒരു യുവാവിന്റെ ഫോട്ടോ, മറ്റ് ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ എന്നിവ പോലീസ് കണ്ടെത്തി.
2019 ഏപ്രിലില്‍ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ഐസിസ് തുടര്‍ച്ചയായ ബോംബ് ആക്രമണം നടത്തി. ദ്വീപ് രാഷ്ട്രത്തിലെ 3 നഗരങ്ങളിലായി 8 വ്യത്യസ്ത സ്ഥലങ്ങളില്‍ ഒരേസമയം നടന്ന ആക്രമണങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇപ്പോഴത്തെ ഐസിസ് നീക്കം ഗൗരവമായെടുക്കേണ്ടിയിരിക്കുന്നുവെന്ന സൂചനയും സണ്‍ റിപ്പോര്‍ട്ടിലുണ്ട്.