ഫെഡറല്‍ റിസര്‍വ് ചെയര്‍മാനായി ജെറോം പവലിന് രണ്ടാമൂഴം; ഡോ. ലേല്‍ ബ്രൈനാര്‍ഡ് ഉപാധ്യക്ഷ

ഫെഡറല്‍ റിസര്‍വ് ചെയര്‍മാനായി ജെറോം പവലിന് രണ്ടാമൂഴം; ഡോ. ലേല്‍ ബ്രൈനാര്‍ഡ്  ഉപാധ്യക്ഷ

വാഷിംഗ്ടണ്‍: ട്രംപിന്റെ കാലത്തു നിയമിതനായ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിനെ തുടരാന്‍ അനുവദിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. ഡോ. ലേല്‍ ബ്രൈനാര്‍ഡിനെ വൈസ് ചെയര്‍മാനായും നോമിനേറ്റ് ചെയ്തു. കോവിഡനന്തര വെല്ലുവിളി നേരിടാന്‍ അനുയോജ്യനായ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ആയിരിക്കും ജെറോം പവല്‍ എന്ന് ബൈഡന്‍ പറഞ്ഞു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുഭാവിയായ പവല്‍, 2018 മുതല്‍ ഫെഡറല്‍ റിസര്‍വ് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് അധ്യക്ഷനാണ്. മുന്‍ പ്രസിഡന്റ് ഒബാമയാണ് അദ്ദേഹത്തെ ഫെഡറല്‍ ബോര്‍ഡിലേക്ക് ആദ്യം നാമനിര്‍ദ്ദേശം ചെയ്തത്. അഞ്ച് വര്‍ഷത്തിന് ശേഷം അപ്പോഴത്തെ പ്രസിഡന്റ് ട്രംപിന്റെ നാമനിര്‍ദ്ദേശത്തില്‍ ചെയര്‍മാനായി. ഇരു പാര്‍ട്ടികളുടേയും പിന്തുണ പവലിന് നേടാന്‍ കഴിഞ്ഞു.

പണപ്പെരുപ്പം നിയന്ത്രിക്കുകയെന്നതാണ് നിലവില്‍ താന്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് തുടര്‍ നിയമനം വന്നശേഷം പവല്‍ പ്രതികരിച്ചു.വിശാല സാമ്പത്തിക അജണ്ടയുമായി കൂടുതല്‍ അടുത്തു നില്‍ക്കുന്ന ഫെഡറല്‍ മേധാവിയെ നിയമിക്കണമെന്ന സമ്മര്‍ദ്ദമേറിയതോടെ, ബൈഡന്‍ പവലിനു പകരം മറ്റൊരു പേര് നിര്‍ദ്ദേശിക്കുമെന്നു വാര്‍ത്തയുണ്ടായിരുന്നു. ലേല്‍ ബ്രൈനാര്‍ഡിനായിരുന്നു മുന്‍തൂക്കം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.