ദത്ത് വിവാദം: കുഞ്ഞ് അനുപമയുടേത് തന്നെ; ഡിഎന്‍എ ഫലം പോസിറ്റീവ്; കുഞ്ഞിനെ തിരികെ നല്‍കാനുള്ള നടപടികള്‍ ഉടന്‍

ദത്ത് വിവാദം: കുഞ്ഞ് അനുപമയുടേത് തന്നെ; ഡിഎന്‍എ ഫലം പോസിറ്റീവ്; കുഞ്ഞിനെ തിരികെ നല്‍കാനുള്ള നടപടികള്‍ ഉടന്‍

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന ഫലം വന്നു. ഡിഎന്‍എ ഫലം പോസിറ്റീവാണ്. ഇതോടെ, ആന്ധ്രയില്‍ നിന്നും എത്തിച്ച കുഞ്ഞ് അനുപമയുടേതെന്ന് ഉറപ്പായി. കുഞ്ഞിനെ അനുപമയ്ക്ക് തിരികെ നല്‍കാനുള്ള നടപടികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്വീകരിക്കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ന്നുള്ള നടപടികള്‍.

അതേസമയം അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ നടത്തുന്ന സമരം തുടരുകയാണ്. ആന്ധ്രയില്‍ നിന്ന് തിരികെയെത്തിച്ച കുഞ്ഞിപ്പോള്‍ നിര്‍മലാ ഭവന്‍ ശിശു സംരക്ഷണ കേന്ദ്രത്തിലാണ്. കുഞ്ഞിനെ കാണണമെന്നാവശ്യപ്പെട്ട് അനുപമ കത്ത് നല്‍കിയിരുന്നുവെങ്കിലും ഇത് നിലവില്‍ അനുവദിച്ചിട്ടില്ല. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി തന്നെ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം നാട്ടിലെത്തിക്കാനുള്ള ഉത്തരവും പുറത്തിറക്കുകയായിരുന്നു.

ഡിഎന്‍എ പരിശോധന ഫലം സിഡബ്ല്യുസിക്ക് കൈമാറി. കുഞ്ഞ് അനുപമയുടേത് തന്നെയെന്നു തെളിഞ്ഞു. ഡിഎന്‍എ പരിശോധനയില്‍ മൂന്നു പേരുടെയും ഫലം പോസിറ്റീവായി. ഈ റിപ്പോര്‍ട്ട് സിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിക്കും. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയാണ് കുഞ്ഞിന്റെ സാംപിള്‍ പരിശോധിച്ച് ഡിഎന്‍എ റിപ്പോര്‍ട്ട് സിഡബ്ല്യുസിക്ക് കൈമാറിയത്. സമരപ്പന്തലില്‍ അനുപമ മിഠായി വിതരണം ചെയ്തു. കൂടാതെ ഡിഎന്‍എ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ തനിക്കു നല്‍കണമെന്ന് ആവശ്യപ്പെട്ട് അനുപമ സിഡബ്ല്യുസിക്ക് കത്തു നല്‍കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.