ഗര്‍ഭഛിദ്രത്തിന് അനുമതി ലഭിച്ച 1973 മുതല്‍ അമേരിക്കയില്‍ നടന്നത് ഏതാണ്ട് ആറ് കോടിയോളം ഭ്രൂണഹത്യകള്‍!
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ 1973 ല്‍ ഭ്രൂണഹത്യ നിയമവിധേയമാക്കിയ റോ വേഴ്‌സസ് വേഡ് കേസിലെ വിധി പിന്‍വലിക്കാന്‍ പര്യാപ്തമായ മറ്റൊരു കേസ് ഡിസംബര്‍ ഒന്നിന് അമേരിക്കന്‍ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്ന സാഹചര്യത്തില്‍ പ്രാര്‍ത്ഥനയുമായി ഗര്‍ഭഛിദ്രത്തെ ശക്തമായി എതിര്‍ക്കുന്ന പ്രോലൈഫ് ക്രൈസ്തവ സമൂഹം.
ഡോബ്‌സ് വേഴ്‌സസ് ജാക്‌സണ്‍ വുമണ്‍സ് ഹെല്‍ത്ത് കേസിലാണ് ഡിസംബര്‍ ഒന്നിന് സുപ്രീം കോടതി വാദം കേള്‍ക്കുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാമിലി റിസര്‍ച്ച് കൗണ്‍സില്‍ ഇതുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തെ പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം നല്‍കി. 'പ്രേ ടുഗെദര്‍ ഫോര്‍ ലൈഫ്' എന്ന് പേരിട്ടിരിക്കുന്ന പ്രാര്‍ത്ഥനാ കൂട്ടായ്മ മിസിസിപ്പി സംസ്ഥാനത്തെ ന്യൂ ഹൊറിസോണ്‍ ദേവാലയത്തിലും രാജ്യത്തെ മറ്റ് സ്ഥലങ്ങളിലും നടക്കും.
വാഷിംഗ്ടണ്‍ ഡിസിയിലെ സുപ്രീം കോടതി കെട്ടിടത്തിന് മുന്നിലും പ്രാര്‍ത്ഥനയ്ക്കായി വിശ്വാസികള്‍ ഒരുമിച്ചു കൂടും. കത്തോലിക്ക, ആംഗ്ലിക്കന്‍, പ്രൊട്ടസ്റ്റന്റ് തുടങ്ങി വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍പ്പെട്ടവര്‍ ഒരേ ലക്ഷ്യത്തിനുവേണ്ടി നിയോഗം വെച്ച് പ്രാര്‍ത്ഥിക്കും എന്ന പ്രത്യേകതയും പ്രയര്‍ ടുഗെദര്‍ ഫോര്‍ ലൈഫ് പ്രാര്‍ത്ഥന കൂട്ടായ്മകള്‍ക്കുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായ മിസിസിപ്പി ഗവര്‍ണര്‍ റ്റേറ്റ് റീവ്‌സും, ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളും, മറ്റ് മതനേതാക്കളും സംസ്ഥാനത്ത് നടക്കുന്ന പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുക്കും.
വിവിധ വിഭാഗത്തില്‍പെട്ടവര്‍ പ്രാര്‍ത്ഥനയ്ക്കായി ഒരുമിച്ചു കൂടുന്നതിനെ അപ്പസ്‌തോല പ്രവര്‍ത്തനങ്ങളുടെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന ആദിമ ക്രൈസ്തവ സമൂഹത്തിന്റെ ഒത്തുചേരലിനോടാണ് ഫാമിലി റിസര്‍ച്ച് കൗണ്‍സില്‍ അധ്യക്ഷന്‍ ടോണി പെര്‍ക്കിന്‍സ് ഉപമിച്ചത്.
മനുഷ്യ ജീവന്റെ മഹത്വത്തെ സംബന്ധിച്ച വിഷയം പരിഗണനയ്ക്ക് വരുമ്പോള്‍ അമേരിക്ക ഉചിതമായ തീരുമാനം എടുക്കാന്‍ വേണ്ടി ഒരേ മനസോടെ ക്രൈസ്തവര്‍ പ്രാര്‍ത്ഥിക്കാന്‍ പോവുകയാണെന്ന് അദ്ദേഹം ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. ഗര്‍ഭഛിദ്രത്തിന് അനുമതി ലഭിച്ച 1973 മുതല്‍ ഏതാണ്ട് ആറ് കോടിയോളം ഭ്രൂണഹത്യകള്‍ അമേരിക്കയില്‍ നടന്നതായാണ് കണക്കാക്കപ്പെടുന്നത്.