തിരുവനന്തപുരം: ദത്ത് വിവാദ കേസില്‍ അനുപമക്ക് ഒടുവില്‍ സ്വന്തം കുഞ്ഞിനെ തിരകെക്കിട്ടി. ദത്തു നല്‍കപ്പെട്ട കുഞ്ഞിനെ തിരികെ അമ്മയായ അനുപമയ്‌ക്ക് കൈമാറാന്‍ തിരുവനന്തപുരം വഞ്ചിയൂരിലെ കുടുംബക്കോടതി ഉത്തരവിട്ടു. ജഡ്‌ജിയുടെ സാന്നിധ്യത്തില്‍ തന്നെ കുഞ്ഞിനെ അനുപമയ്‌ക്ക് കൈമാറുന്ന അപൂര്‍വ്വ മൂഹൂര്‍ത്തത്തിനും കോടതി സാക്ഷിയായി.
വൈകുന്നേരം നാലുമണിയോടെ അനുപമയും പങ്കാളി അജിത്തും കുഞ്ഞിനെ കോടതിയില്‍ ഏറ്റുവാങ്ങി. കുഞ്ഞ് അനുപമയുടെതാണെന്ന ഡി.എന്‍.എ. പരിശോധനാ ഫലം അടങ്ങിയ റിപ്പോര്‍ട്ട് ശിശുക്ഷേമസമിതി ഇന്ന് രാവിലെ കോടതി കൈമാറിയിരുന്നു. കേസ് വേഗത്തില്‍ പരിഗണിക്കണമെന്നും സിഡബ്ല്യുസി ആവശ്യപ്പെട്ടിരുന്നു.
വനിതാ ശിശുവികസനവകുപ്പിലെ ഉദ്യോഗസ്ഥര്‍ ഉച്ചയ്‌ക്ക് മൂന്നു മണിയോടെ കുഞ്ഞിനെ പാര്‍പ്പിച്ചിട്ടുള്ള കുന്നുകുഴിയിലെ നിര്‍മല ശിശുഭവനില്‍ നിന്നും കുഞ്ഞിനെ വഞ്ചിയൂരിലെ കുടുംബകോടതിയിലേക്ക് കൊണ്ടുവന്നു. ജഡ്‌ജിയുടെ ചേംബറില്‍ എത്തിച്ചു. അനുപമയും ജഡ്‌ജിയുടെ ചേംബറില്‍ എത്തി. ഡോക്ടറുടെ സേവനം ജഡ്‌ജി ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിന്റെ ആരോഗ്യ നില തൃപ്‌തികരമാണെന്ന് നിയമപരമായി ഉറപ്പുവരുത്തുകയായിരുന്നു ഉദ്ദേശ്യം. കുഞ്ഞ് ആരോഗ്യത്തോടെ ഇരിക്കുന്നതായി ഡോക്ടര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് അനുപമയ്‌ക്ക് കുഞ്ഞിനെ കൈമാറിയത്.