കേപ്ടൗണ്‍: അന്റാര്‍ട്ടിക്കയില്‍ ചരിത്രത്തിലാദ്യമായി വാണിജ്യ വിമാനമിറങ്ങി. എയര്‍ബസ് എ 340 വിമാനമാണ് മഞ്ഞുപാളികള്‍ക്കിടയില്‍ സജ്ജീകരിച്ച പ്രത്യേക ഐസ് റണ്‍വേയില്‍ ഇറങ്ങിയത്. ഈ മാസം ആദ്യമായിരുന്നു വിമാനത്തിന്റെ സാഹസിക ലാന്‍ഡിങ്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍നിന്നു യാത്രതിരിച്ച വിമാനം അഞ്ച് മണിക്കൂര്‍ സമയമെടുത്ത് 2500 നോട്ടിക് മൈല്‍ സഞ്ചരിച്ചാണ് അന്റാര്‍ട്ടിക്കയിലെത്തിയത്. കൂറ്റന്‍ വിമാനം മഞ്ഞുമൂടിയ റണ്‍വേയില്‍ സ്പര്‍ശിച്ചപ്പോള്‍ അത് ചരിത്ര നിമിഷമായി.
അപകടത്തിനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ട് എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയ ശേഷമായിരുന്നു ലാന്‍ഡിംഗ്. വിമാനം വഴുതി മാറാതിരിക്കാന്‍ 10,000 അടി വലിപ്പമുള്ള റണ്‍വേയും സജ്ജീകരിച്ചിരുന്നു.
ദക്ഷിണധ്രുവത്തിലെ പുതിയ ആഡംബര അവധിക്കാല ക്യാമ്പായ വുള്‍ഫ്‌സ് ഫാങ് അവരുടെ ടൂറിസ്റ്റ് റിസോര്‍ട്ടിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനായിട്ടാണ് കാര്‍ഗോ ജെറ്റ് ചാര്‍ട്ടേഡ് ചെയ്തത്. അന്റാര്‍ട്ടിക്കയിലെ പ്രശസ്തമായ ടൂറിസം കമ്പനിയായ വൈറ്റ് ഡെസേര്‍ട്ടിന്റെ പുതിയ പ്രോജക്റ്റാണ് വുള്‍ഫ്‌സ് ഫാങ്.
ഐസ് റണ്‍വേയിലെ ലാന്‍ഡിങ് എളുപ്പമായിരുന്നില്ലെന്ന് വിമാനത്തിന്റെ പൈലറ്റും അന്റാര്‍ട്ടിക്കയില്‍ വിമാനമെത്തിച്ച ഹൈഫ്‌ളൈ കമ്പനിയുടെ വൈസ് പ്രസിഡന്റുമായ കാര്‍ലോസ് മിര്‍പുരി പറഞ്ഞു.