സൈബീരിയയില്‍ കല്‍ക്കരി ഖനിയില്‍ മീഥെയ്ന്‍ വാതകം ശ്വസിച്ച് രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 52 പേര്‍ മരിച്ചു

സൈബീരിയയില്‍ കല്‍ക്കരി ഖനിയില്‍  മീഥെയ്ന്‍ വാതകം ശ്വസിച്ച് രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 52 പേര്‍ മരിച്ചു

മോസ്‌കോ: സൈബീരിയയിലെ കല്‍ക്കരി ഖനിയില്‍ വ്യാഴാഴ്ചയുണ്ടായ അപകടത്തില്‍ ആറു രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മരിച്ചവരുടെ എണ്ണം 52 ആയി. പരുക്കേറ്റ 49 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്.

മോസ്‌കോയില്‍നിന്ന് 3500 കിലോമീറ്റര്‍ അകലെയുള്ള കെമെറോവോ മേഖലയിലാണ് തീപ്പിടിത്തമുണ്ടായത്. ഖനിയിലേക്കു വായു കടക്കുന്നതിനുള്ള വെന്റിലേഷന്‍ ഷാഫ്റ്റിലെ കല്‍ക്കരിപൊടിക്ക് തീപിടിച്ചതും ഖനിയില്‍ പുക നിറഞ്ഞതുമാണ് അപകടകാരണമെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വലിയ തോതില്‍ പുക ഉയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. ഒരു ദശാബ്ദത്തിനിടെ റഷ്യയിലുണ്ടായ ഏറ്റവും വലിയ ഖനി ദുരന്തമാണിത്.

മീഥെയ്ന്‍ വാതകം ശ്വസിച്ചാണ് ഇത്രയും വലിയ ദുരന്തമുണ്ടായത്.

സംഭവസമയത്ത് ഖനിയില്‍ 285 പേരുണ്ടായിരുന്നു. 239 പേരെ പുറത്തെത്തിച്ചു. ഖനിയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രക്ഷാപ്രവര്‍ത്തകര്‍ മരിച്ചത്. സംഭവത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ അനുശോചിച്ചു. സുരക്ഷാചട്ടങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് റഷ്യന്‍ അന്വേഷണസമിതി സംഭവത്തില്‍ ക്രിമിനല്‍ അന്വേഷണം ആരംഭിച്ചു. ഖനിയുടെ ഡയറക്ടറും ഡെപ്യൂട്ടി ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

തീപിടിത്തമുണ്ടായ പശ്ചാത്തലത്തില്‍ രാജ്യത്തെ 58 കല്‍ക്കരി ഖനികളുടെ സുരക്ഷ വിശകലനം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിനു മുന്‍പ് 2016-ല്‍ റഷ്യയിലെ ഒരു കല്‍ക്കരിഖനിയിലുണ്ടായ പൊട്ടിത്തെറിയില്‍ 36 പേര്‍ മരിച്ചിരുന്നു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.