ലക്സര്‍ (ഈജിപ്ത്): ഏകദേശം 3,000 വര്‍ഷം പഴക്കമുള്ള ആയിരത്തിലേറെ സ്ഫിംഗ്സ് പ്രതിമകള്‍ ഇരു വശത്തും അണിനിരക്കുന്ന റോഡ് ഈജിപ്തില്‍ തുറന്നു. തെക്കന്‍ നൈല്‍ നഗരമായ ലക്സറിന്റെ മധ്യഭാഗത്തുള്ള കര്‍ണാക്, ലക്‌സര്‍ ക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഈജിപ്തിന്റെ പുരാവസ്തു സമ്പന്നത വിളിച്ചോതുന്ന മൂന്ന് കിലോമീറ്റര്‍ നീളമുള്ള 'റാംസ് റോഡ്' (ദൈവത്തിന്റെ വഴി).
മണല്‍ക്കല്ല് പാകിയ പാത, രാത്രിയില്‍ നടന്ന അതിമനോഹരമായ ചടങ്ങില്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസി ആണ് ഔദ്യോഗികമായി ജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. പിരമിഡുകളുടെ രാജ്യത്തിന് രാഷ്ട്രീയ അസ്ഥിരതയും അക്രമങ്ങളും തുടര്‍ന്ന് കോവിഡ് വ്യാപനവും മൂലം നഷ്ടമായ വിനോദ സഞ്ചാര ബിസിനസ് വീണ്ടെടുക്കാനുള്ള യത്‌നത്തിന്റെ ഭാഗമായാണ് 'റാംസ് റോഡ്' പുതുക്കിപ്പണിത് സ്ഫിംഗ്സ് പ്രതിമകള്‍ വിന്യസിച്ചത്.സമീപ വര്‍ഷങ്ങളില്‍ 'ഈജിപ്‌തോളജിസ്റ്റുകള്‍ 'കണ്ടെടുത്ത് പുതുക്കിയെടുക്കുന്നതിനുമുമ്പ് മരുഭൂമിയിലെ മണലില്‍ നൂറ്റാണ്ടുകളായി മറഞ്ഞു കിടന്നിരുന്നതാണ് 'അമുന്‍്' എന്ന ഈജിപ്ഷ്യന്‍ സൂര്യദേവതയുടെ രൂപമായി പരിഗണിക്കപ്പെടുന്ന ഈ കല്‍ പ്രതിമകള്‍.
സിംഹത്തിന്റെ ഉടലും മനുഷ്യന്റെ തലയുമാണു സ്ഫിംഗ്സ് പ്രതിമകള്‍ക്ക്. കഴുകന്റെ രൂപമുള്ളവയുമുണ്ട്. പാമ്പിന്റേതുപോലുള്ള വാലുമുണ്ടാകും. രാജാവിന്റേയോ രാജ്ഞിയുടേയോ ബഹുമാനാര്‍ത്ഥം നിര്‍മ്മിതമായ ഇവ കാലക്രമേണ അവരുടെ ശക്തിയുടേയും പ്രൗഢിയുടേയും പ്രതീകങ്ങളായി മാറി. ഗിസയിലെ മരുഭൂമിയിലാണ് ഏറ്റവും വലിയ സ്ഫിങ്‌സ് ഉള്ളത്. ഗ്രേറ്റ് സ്ഫിങ്‌സ് എന്നറിയപ്പെടുന്ന ഇതിന് 73 മീ നീളവും 20 മീ ഉയരവുമുണ്ട്. ഏതാണ്ട് 4500 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇത് നിര്‍മ്മിച്ചതെന്ന് കരുതുന്നു.
250 ഏക്കര്‍ വിസ്തൃതിയില്‍ 2,000 - 4,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് പണികഴിപ്പിച്ച കര്‍ണാക് ക്ഷേത്ര സമുച്ചയം സൂര്യദേവതയ്ക്കാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ഏകദേശം 3,400 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമെന്‍ഹോടെപ്പ് മൂന്നാമനാണ് ലക്‌സര്‍ ക്ഷേത്രം നിര്‍മ്മിച്ചത്. പുരാതന ഈജിപ്തുകാരും പിന്നീട് ക്രിസ്ത്യന്‍ കോപ്റ്റിക് വിഭാഗവും തുടര്‍ന്ന് മുസ്ലീങ്ങളും ആരാധനയ്ക്ക് ഉപയോഗിച്ചിരുന്നു ഈ ക്ഷേത്രം. ഇത്തരം പുരാവസ്തു കേന്ദ്രങ്ങളിലേക്ക് ടൂറിസ്റ്റുകളുടെ പുതിയ ഒഴുക്ക് സ്വപ്‌നം കണ്ടു തുടങ്ങി ഈജിപ്ത്. രണ്ട് ദശലക്ഷം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ടൂറിസം മേഖല രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 10 ശതമാനത്തിലധികം സംഭാവന ചെയ്തിരുന്നു.