തിരുവനന്തപുരം: ചക്രവാതചുഴി അറബികടലില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ മഴ ശക്തമാകാൻ സാധ്യത. ബംഗാള്‍ ഉള്‍കടലില്‍ പുതിയ ന്യുന മര്‍ദ്ദം തിങ്കളാഴ്ചയോടെ അറബികടലില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.
ബംഗാള്‍ ഉള്‍കടലില്‍ പുതിയ ന്യുന മര്‍ദ്ദം തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ നവംബര്‍ 29 ഓടെ രൂപപ്പെടാന്‍ സാധ്യതയെന്നും അറിയിപ്പുണ്ട്. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ശക്തി പ്രാപിച്ചു പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയില്‍ ഇന്ത്യന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നാളെ വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടും സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നി ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.